പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് മമത ബാനര്‍ജി ; കേരളത്തിനും പഞ്ചാബിനും പിന്നാലെ ബംഗാളും

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് മമത ബാനര്‍ജി ; കേരളത്തിനും പഞ്ചാബിനും പിന്നാലെ ബംഗാളും
റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്ന് പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതോടെ കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും ബംഗാള്‍. പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരാണെങ്കിലും യോജിച്ച പ്രക്ഷോഭത്തിന് എല്ലാവരും തയ്യാറല്ല. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനെതിരെയുളള ഭാവി പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഇതിന്റെ ചുവടുപിടിച്ച് പഞ്ചാബാണ് പിന്നീട് പ്രമേയം പാസാക്കിയത്. രാജസ്ഥാനും പ്രമേയം അവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പശ്ചിമബംഗാളിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

Other News in this category4malayalees Recommends