വാഹനങ്ങളുടെ അതിവേഗത്തിന് ഈടാക്കുന്ന പിഴത്തുകയില്‍ 31 കോടി രൂപ വകമാറ്റി ; ക്യാമറ സ്ഥാപിച്ചതിലും പൊരുത്തക്കേട് ; പോലീസിന്റെ ക്രമക്കേടുകളുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഹനങ്ങളുടെ അതിവേഗത്തിന് ഈടാക്കുന്ന പിഴത്തുകയില്‍ 31 കോടി രൂപ വകമാറ്റി ; ക്യാമറ സ്ഥാപിച്ചതിലും പൊരുത്തക്കേട് ; പോലീസിന്റെ ക്രമക്കേടുകളുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
വാഹനങ്ങളുടെ അതിവേഗത്തിന് ഈടാക്കുന്ന പിഴത്തുകയും സ്വന്തം അക്കൌണ്ടിലേക്ക് പൊലീസ് വകമാറ്റുന്നതായി കണ്ടെത്തി. സര്‍ക്കാരിലേക്ക് പിഴത്തുക അടയ്ക്കാതെ 31 കോടി രൂപയാണ് വക മാറ്റിയതെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. ക്യാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് നല്‍കിയ തുകയിലും പൊരുത്തക്കേടുണ്ട്. വാഹനങ്ങള്‍ അമിതവേഗത്തിലോടുന്നത് കണ്ടുപിടിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് പുറമെ പൊലീസും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിയമലംഘനത്തിന് നാല് വര്‍ഷത്തിനിടെ പിഴയായി ഈടാക്കിയത് 45.83 കോടി രൂപയാണ്.

അതേസമയം ഇതില്‍ നിന്ന് സര്‍ക്കാരിലേക്ക് അടച്ചത് 14.7 കോടി മാത്രമാണ്. 31.13 കോടി രൂപ വക മാറ്റിയിട്ടുണ്ട്. ഇതില്‍ നിയമപ്രകാരം പകുതി തുക അവകാശപ്പെട്ട റോഡ് സുരക്ഷ അതോറിറ്റിക്കും കുറച്ചു തുക പോലും ലഭിച്ചിട്ടില്ല. സര്‍ക്കാരിലേക്ക് അടയ്ക്കാതിരുന്ന തുകയില്‍ 7.78 കോടി രൂപ പൊലീസിന്റെ എസ്.ബി.ഐ അക്കൌണ്ടിലേക്കും 23.16 കോടി രൂപ കെല്‍ട്രോണിനുമാണ് നല്‍കിയത്. അമിതവേഗം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച 100 കാമറകളുടെ വില, പരിപാലനം എന്നീ ഇനത്തിലാണ് ഇത്രയും വലിയ തുക നല്‍കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പൊലീസിന്റെ വിശദീകരണം സി.എ.ജി അംഗീകരിച്ചിട്ടില്ല.

Other News in this category4malayalees Recommends