'പ്രഥമദൃഷ്ട്യ അവര്‍ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തര്‍ധാര അത്ര സജീവമായിരുന്നില്ല എന്നുവേണം കരുതാന്‍'; മാഹന്‍ലാല്‍ ശ്രീനി കൂട്ടുകെട്ടില്‍ കരിനിഴല്‍ വീണ സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആലപ്പി അഷ്‌റഫ്

'പ്രഥമദൃഷ്ട്യ അവര്‍ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തര്‍ധാര അത്ര സജീവമായിരുന്നില്ല എന്നുവേണം കരുതാന്‍'; മാഹന്‍ലാല്‍ ശ്രീനി കൂട്ടുകെട്ടില്‍ കരിനിഴല്‍ വീണ സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആലപ്പി അഷ്‌റഫ്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍- ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍ ബ്രേക്കെടുത്തപ്പോള്‍ പ്രേക്ഷകര്‍ക്കും അത് വലിയ നഷ്ടമായിരുന്നു. ഇവര്‍ ഇരുവരും എന്നാണ് ഒരുമിച്ചെത്തുകയെന്ന് ആരാധകര്‍ എല്ലായ്‌പ്പോഴും ചോദിക്കാറുണ്ട്. എന്താണ് ഇവരുടെ പ്രശ്നമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നു വരാറുണ്ട്. ഞാന്‍ ഓര്‍ക്കുന്നത് അയാള്‍ എനിക്ക് വേണ്ടി നെഞ്ചുരുകി എഴുതിയ എത്രയോ സിനിമകളാണ്. അതില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ ഇരിക്കില്ലായിരുന്നു, ശ്രീനിവാസനുമായുള്ള പ്രശ്‌നത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി ഇതായിരുന്നു. ഇവരെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷറഫ്.


തനിയാനാലും തലപോനാലും..

പറയാനുള്ളത് പറയുന്നാളാണ് നടന്‍ ശ്രീനിവാസന്‍.

ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

സാക്ഷാല്‍ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തില്‍ ശബ്ദം നല്കിയത് ശ്രീനിവാസനാണ്. ഞാന്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ''ഒരു മുത്തശ്ശി കഥ'' യില്‍ തമിഴ് നടന്‍ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നല്കിയത്.

കഥാപ്രസംഗ കുലപതി സംബശിവന്‍ നായകനായ പല്ലാങ്കുഴി എന്ന സിനിമയില്‍ സംബശിവന്‍ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.

ക്ഷുഭിത യൗവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തില്‍ , നിസ്സഹായ നിര്‍ദ്ധന യൗവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹന്‍ ലാല്‍ ശ്രീനിവാസന്‍ കൂട്ട്‌കെട്ട്.

മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പില്‍ നിന്നും ജന്മം കൊണ്ടതാണ്.

കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേല്‍വിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആള്‍ കൂടിയാണ് ശ്രീനി.

ഒറ്റക്കെത്തിയപ്പോള്‍ പിന്നീട് മോഹന്‍ലാല്‍ ശ്രീനി കൂട്ടുകെട്ടിന് കരിനിഴല്‍ വീണു.

ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോള്‍... ബാക്കി ഞാന്‍ പറയണ്ടതില്ലല്ലോ.

പ്രഥമദൃഷ്ട്യ അവര്‍ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തര്‍ധാര അത്ര സജീവമായിരുന്നില്ല എന്നുവേണം കരുതാന്‍.

ഒരിക്കല്‍ അവസരം ലഭിച്ചപ്പോള്‍ ഞാനീക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണല്‍ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കില്‍ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലയിരുന്നു.

എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീര്‍ഘമായ മൗനത്തിലൂടെയായിരുന്നു.

ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം ...ശ്രീനി കൈവെക്കാത്ത മേഖലകള്‍ ഇനി ബാക്കിയില്ല.

അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദര്‍ശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ടു.

സമസ്ത മേഖലകളെയും ആക്ഷേപഹാസ്യത്തിന്റ മധുരത്തില്‍ ചാലിച്ചവതരിപ്പിച്ചതിനാല്‍, ശ്രീനിയയോട് നീരസം കാട്ടുന്നവരുമുണ്ടു്

ഒന്നു പറയാതെ വയ്യ സ്വന്തം അഭിപ്രായങ്ങള്‍ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെ തന്നെ..

സിനിമയിലെ കുതികാല്‍ വെട്ട്, പാര പണിയല്‍ ,അസൂയ, കുശുമ്പ്, അങ്ങിനെയൊന്നും ശ്രീനിയുടെ ഡിക്ഷനറിയില്‍ പോലും കാണാന്‍ പറ്റില്ല.

ചുരുക്കത്തില്‍ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം..

നല്ല നടന്‍

നല്ല സംവിധായകന്‍

നല്ല തിരകഥാകൃത്ത്

നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്

നല്ല ഒളിയമ്പെയ്ത്ത്കാരന്‍

അതാണ് നമ്മുടെ ശ്രീനി.

അവസാനമായ് മലയാളികള്‍ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്‌നേഹപൂര്‍വ്വം ചോദിക്കട്ടെ..

മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികള്‍ക്കു് പ്രതീക്ഷിക്കാമോ...?

ആലപ്പി അഷറഫ്

Other News in this category4malayalees Recommends