കൊവിഡ് വ്യാപനം ലോകത്ത് തുടങ്ങിയ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്നാണ് മുന്നറിയിപ്പ് വന്നതെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.കൊവിഡ്-19 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂമോണിയ കേസുകളെ പറ്റിയുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയത്.
ഏപ്രില്‍ ഒമ്പതിന് ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനത്തിനെതിരെ എടുത്ത പ്രാരംഭ നടപടികളുടെ ടൈം ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു.ഈ സമയം വെച്ച് നോക്കുകയാണെങ്കില്‍ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന് മേഖലയില്‍ 31 ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് പറയുന്നത്. ആരാണിത് ആദ്യം ശ്രദ്ധയില്‍ പെടുത്തിയതെന്ന് ഇതില്‍ പറയുന്നില്ല.
ഏപ്രില്‍ 20 ന് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ ആദ്യ കേസ് വന്നത് ചൈനയില്‍ നിന്നാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസ് ചൈനീസ് അധികൃതരാണോ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.എന്നാല്‍ ഈ ആഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈം ലൈനില്‍ ഇവ വ്യക്തമാവുന്നുണ്ട്. ഇത് പ്രകാരം ചൈനയിലെ ലോകാരോഗ്യ സംഘടന ഓഫീസ് ഡിസംബര്‍ 31 ന് ഒരു വൈറല്‍ ന്യൂമോണിയ കേസുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയം അറിയിച്ചെന്ന് സൂചിപ്പിക്കുന്നു.