സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം കനക്കുന്നു; മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍; 20 വീടുകള്‍ മണ്ണിലടിയില്‍ പെട്ടിട്ടുണ്ടെന്ന് സൂചന; പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം കനക്കുന്നു; മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍; 20 വീടുകള്‍ മണ്ണിലടിയില്‍ പെട്ടിട്ടുണ്ടെന്ന് സൂചന; പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

സംസ്ഥാനത്ത് നാശം വിതച്ച് കാലവര്‍ഷം കനക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. 20 വീടുകള്‍ മണ്ണിലടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. തോട്ടം തൊഴിലാളികളാണ് ഇവിടെ കൂടുതലും താമസിക്കുന്നത്. വയനാട്ടില്‍ കോറോം ,കരിമ്പില്‍ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി .പ്രദേശത്ത് ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ദേശീയപാത 766 ല്‍ പൊന്‍കുഴിയില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. വയനാട് തലപ്പുഴ മക്കിമലയില്‍ പൊലീസ് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്നു.


പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മച്ചിങ്ങത്തൊടി മൊയ്തീനാണ് ( 70 )മരിച്ചത്. പാലക്കാട് ആലത്തൂര്‍ കേരള പറമ്പില്‍ കനാല്‍ പൊട്ടി വീടുകളില്‍ വെള്ളം കയറി. മലപ്പുറത്ത് ചാലിയാറില്‍ മല വെള്ളപാച്ചിലുണ്ടായി. നിലമ്പൂര്‍ ടൌണില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ ഗൂഡല്ലൂര്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട് കോടഞ്ചേരിയില്‍ ചാലിപ്പുഴ വീണ്ടും കര കവിഞ്ഞ് ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ 29 കുടുംബങ്ങളെ ചെമ്പുകടവ് യു പി സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നൂറിലധ ആളുകളെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. താല്‍ക്കാലികമായി നിര്‍മിച്ച പാലമാണ് ഭാഗികമായി തകര്‍ന്നത്.

ഏലപ്പാറ വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനു സമീപം മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. നല്ല തണ്ണി സ്വദേശി മാര്‍ട്ടിന്‍ ആണ് മരിച്ചത്. കാണാതായ മറ്റൊരാള്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. പാലത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറും, കാറിന് സമീപമുണ്ടായിരുന്ന രണ്ട് പേരും മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോവുകയായിരുന്നു.

പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടി ഷോളയൂരിലും പാലക്കയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നെല്ലിയാമ്പതി ചുരത്തില്‍ രണ്ട് സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഒരു വീട് പൂര്‍ണ്ണമായും, 35 വീടുകള്‍ ഭാഗികമായും തകര്‍ന്നു.80 ഹെക്ടര്‍ കൃഷി നശിച്ചു. അട്ടപ്പാടിയില്‍ നാലാം ദിവസവും വൈദ്യൂതി പുനസ്ഥാപിക്കനായില്ല. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് ഉള്ളത്.

Other News in this category4malayalees Recommends