ബ്രിട്ടനിലേക്ക് ലോറിയില്‍ കുത്തിനിറച്ച് എത്തിച്ച 39 കുടിയേറ്റക്കാര്‍ ശ്വാസം മുട്ടി മരിച്ച കേസില്‍ 4 മനുഷ്യക്കടത്തുകാര്‍ക്ക് വിയറ്റ്‌നാമില്‍ 51 വര്‍ഷം ജയില്‍

ബ്രിട്ടനിലേക്ക് ലോറിയില്‍ കുത്തിനിറച്ച് എത്തിച്ച 39 കുടിയേറ്റക്കാര്‍ ശ്വാസം മുട്ടി മരിച്ച കേസില്‍ 4 മനുഷ്യക്കടത്തുകാര്‍ക്ക് വിയറ്റ്‌നാമില്‍ 51 വര്‍ഷം ജയില്‍
യുകെയിലേക്ക് വിയറ്റ്‌നാം പൗരന്‍മാരെ അനധികൃതമായി കടത്തുന്നതിനിടെ 39 പേര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേര്‍ക്ക് ജയില്‍ശിക്ഷ വിധിച്ച് വിയറ്റ്‌നാം. ലോറിയുടെ പിന്നില്‍ ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചത്. ഗുയെന്‍ ക്വോക് താന്‍, 26, ഗുയെന്‍ തി തൂയ് ഹൊവാ, 36, ട്രാന്‍ ഡിന്‍ ട്രുവോംഗ്, 35, ഗുയെന്‍ സുവാന്‍ ട്രിയു, 24 എന്നിവര്‍ക്ക് ആകെ 51 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് മധ്യ വിയറ്റ്‌നാമിലെ കോടതി വിധിച്ചത്.

മറ്റ് മൂന്ന് പേര്‍ക്ക് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ സസ്‌പെന്‍ഡ് ചെയ്തു നല്‍കി. ഏഴ് പേര്‍ക്കും അനധികൃതമായി വിദേശത്തേക്ക് ആളുകളെ അയച്ച കുറ്റത്തിനാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇംഗ്ലണ്ടിലെ എസെക്‌സിലുള്ള ഗ്രേയ്‌സില്‍ എത്തിയ റെഫ്രിജറേറ്റഡ് ലോറിക്ക് പിന്നില്‍ 39 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 29 പുരുഷന്‍മാരും, എട്ട് സ്ത്രീകളും, രണ്ട് കൗമാരക്കാരുമാണ് മരിച്ചത്. എല്ലാവരും വിയറ്റ്‌നാമില്‍ നിന്നുള്ളവരായിരുന്നു.ബെല്‍ജിയം വഴിയാണ് കുടിയേറ്റക്കാരെ യുകെയിലേക്ക് എത്തിച്ചത്. കണ്ടെയ്‌നറില്‍ കയറ്റിയ ഇവരെ സീബ്രൂഗിലെ പോര്‍ട്ടില്‍ എത്തിച്ചു. പോര്‍ട്ടില്‍ നിന്ന് കണ്ടെയ്‌നര്‍ എസെക്‌സിലേക്കുള്ള ഫെറിയില്‍ കയറ്റി. എട്ട് മൈല്‍ അകലെയുള്ള കോളിംഗ്‌വുഡ് ഫാമില്‍ എത്തിച്ച് കണ്ടെയ്‌നറില്‍ നിന്നും കുടിയേറ്റക്കാരെ പുറത്തിറക്കി കാറുകളില്‍ സ്ഥലത്ത് നിന്ന് മാറ്റാനായിരുന്നു പദ്ധതി.

എന്നാല്‍ ഗ്രേയ്‌സിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കണ്ടെയ്‌നര്‍ തുറന്ന ഡ്രൈവര്‍ കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. ലോറി ഡ്രൈവറായ 25കാരന്‍ മോറിസ് റോബിന്‍സണ്‍, 40കാരന്‍ ഹോളിയര്‍ റൊനാന്‍ ഹൂഗ്‌സ് എന്നിവര്‍ ശിക്ഷ കാത്തിരിക്കുകയാണ്.

Other News in this category4malayalees Recommends