മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം താങ്ങാനാകുന്നില്ല ; ലക്കുകെട്ട് തന്നേയും മാതാപിതാക്കളേയും ഉപദ്രവിക്കുന്നു ; പോലീസ് സംരക്ഷണം വേണമെന്ന് യുവാവ്

മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം താങ്ങാനാകുന്നില്ല ; ലക്കുകെട്ട് തന്നേയും മാതാപിതാക്കളേയും ഉപദ്രവിക്കുന്നു ; പോലീസ് സംരക്ഷണം വേണമെന്ന് യുവാവ്
മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം തേടി യുവാവ്. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 29കാരനാണ് ഭാര്യയുടെ മാനസികശാരീരിക പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മദ്യപാനിയായ ഭാര്യ തന്നെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നും പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു അപേക്ഷ എന്നാണ് പൊലീസ് പറയുന്നത്.

പരാതിക്കാരന്റെ വാക്കുകള്‍ അനുസരിച്ച് 2018ലായിരുന്നു ഇയാളുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹശേഷമാണ് യുവതി മദ്യത്തിന് അടിമയായിരുന്നു എന്ന് മനസിലാക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ പലപ്പോഴും തന്നെയും മാതാപിതാക്കളെയും പലതരത്തില്‍ ഉപദ്രവിക്കാറുണ്ടെന്നാണ് യുവാവ് പറയുന്നത്. ചില സമയങ്ങളില്‍ മദ്യപിച്ച് ബോധമില്ലാതെ താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ആരോപിക്കുന്നു.

ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വയസായ മാതാപിതാക്കളെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറിയെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഈ ജൂണില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അവരുടെ ആരോഗ്യം നോക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിയെത്തി. ഒപ്പം വന്ന ഭാര്യയും വീട്ടിലെ ഒന്നാം നിലയില്‍ താമസാക്കി. എന്നാല്‍ അസുഖബാധിതരായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ല. പകരം വീടിന്റെ ഉടമസ്ഥാവകാശം അവരുടെ പേരില്‍ മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയെന്നും ഇയാള്‍ ആരോപിക്കുന്നു.

ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസില്‍ പരാതി നല്‍കിയെന്ന കാര്യവും യുവാവ് പറയുന്നുണ്ട്. ഇക്കഴിഞ്ഞ 11നാണ് ഭര്‍തൃവീട്ടില്‍ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി യുവതി പരാതി നല്‍കിയതെന്നാണ് യുവാവ് പറയുന്നത്. തന്റെ വീട്ടിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഭാര്യ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തി തന്നെ മര്‍ദ്ദിക്കാറാണ് പതിവ്. അതിനു ശേഷം സ്ത്രീകളുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് തനിക്കെതിരെ തെറ്റായ ആരോപണങ്ങളും ഉന്നയിക്കും. യുവാവ് പരാതിയില്‍ പറയുന്നു

Other News in this category



4malayalees Recommends