കൂട്ടുകാരന്റെ ബൈക്കുമായി കറങ്ങാനിറങ്ങി ; ചെന്നുപെട്ടത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ ; ഏഴു കുറ്റങ്ങളില്‍ പിഴ 18750 രൂപ

കൂട്ടുകാരന്റെ ബൈക്കുമായി കറങ്ങാനിറങ്ങി ; ചെന്നുപെട്ടത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ ; ഏഴു കുറ്റങ്ങളില്‍ പിഴ 18750 രൂപ
കൂട്ടുകാരന്റെ ബൈക്കുമെടുത്തു ചുമ്മാ കറങ്ങാനിറങ്ങി യുവാവിന് പണികിട്ടി. ബൈക്കും കൊണ്ട് യുവാവ് നേരെ ചെന്നു പെട്ടതു മോട്ടര്‍ വാഹന വകുപ്പിനു മുന്നിലായിരുന്നു. കണ്ടെത്തിയത് 7 കുറ്റങ്ങളാണ്. ചുമത്തിയ പിഴ 18,750 രൂപ. തുടര്‍ന്ന് അധികൃതര്‍ ബൈക്ക് കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറുകയും ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൂവാറ്റുപുഴക്കാരനായ സുഹൃത്തിന്റെ ബൈക്കുമെടുത്ത് കറങ്ങാനിറങ്ങിയ തൃക്കാക്കര പൊലീസ് സ്റ്റേഷനു സമീപത്തെ വില്ലയില്‍ താമസക്കാരനായ യുവാവാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായത്. കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം ബൈക്കിലെത്തിയ യുവാവിനെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഡി.അരുണാണ് തടഞ്ഞത്.

യുവാവ് ഹെല്‍മറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയില്‍ നിയമ ലംഘനത്തിന്റെ പരമ്പര തന്നെ കണ്ടെത്തി. ബൈക്കിന്റെ പിന്‍ഭാഗത്തു നമ്പര്‍ പ്ലേറ്റിനു പകരം ഇംഗ്ലിഷില്‍ രേഖപ്പെടുത്തിയിരുന്നതു മോശം വാക്ക്. ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ, നമ്പര്‍ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ.

സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനു 5,000 രൂപ, ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു ഉടമയ്ക്ക് പിഴ 5,000 രൂപ, ഹെല്‍മറ്റ് ധരിക്കാതിരുന്നതിനു 500 രൂപ, ബൈക്കില്‍ കണ്ണാടി ഇല്ലാതിരുന്നതിനു 250 രൂപ എന്നിങ്ങനെ പിഴ ചുമത്തിയാണ് കുറ്റപത്രം.

ബൈക്കിനു പിന്നില്‍ മോശം വാക്ക് എഴുതി വച്ചതിനു പിഴയില്ലെങ്കിലും രക്ഷിതാക്കളോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends