യുപി പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ 2.30ന് രഹസ്യമായി സംസ്‌കരിച്ച് പോലീസ് ; മൃതദേഹം വീട്ടുകാര്‍ക്ക് കൊടുത്തില്ല ; പോലീസ് നീക്കത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

യുപി പെണ്‍കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ 2.30ന് രഹസ്യമായി സംസ്‌കരിച്ച് പോലീസ് ; മൃതദേഹം വീട്ടുകാര്‍ക്ക് കൊടുത്തില്ല ; പോലീസ് നീക്കത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍.അര്‍ദ്ധരാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് എത്തി സംസ്‌ക്കാരത്തിനായി കൊണ്ടുപോയതായി കുടുംബം പറഞ്ഞു.'മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ശ്മശാനത്തിലേക്ക് പൊലീസ് കൊണ്ടുപോയി, 'യുവതിയുടെ സഹോദരന്‍ പറഞ്ഞു. ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.


സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹാത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു.

ഈ നാലുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലുകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല്‌പേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് 19 കാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Other News in this category4malayalees Recommends