ബാര്‍ കോഴക്കേസില്‍ കെ എം മാണിയ്‌ക്കെതിരെ ഗൂഢാലോചന നടന്നു ; ചെന്നിത്തലയ്ക്കും പങ്കുണ്ട് ; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ജോസ് കെ മാണി ; എല്‍ഡിഎഫിന്റെത് രാഷ്ട്രീയ സമരം മാത്രമായിരുന്നുവെന്നും ന്യായീകരണം

ബാര്‍ കോഴക്കേസില്‍ കെ എം മാണിയ്‌ക്കെതിരെ ഗൂഢാലോചന നടന്നു ; ചെന്നിത്തലയ്ക്കും പങ്കുണ്ട് ; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ജോസ് കെ മാണി ; എല്‍ഡിഎഫിന്റെത് രാഷ്ട്രീയ സമരം മാത്രമായിരുന്നുവെന്നും ന്യായീകരണം
ബാര്‍ കോഴ വിവാദത്തില്‍ ചതിയും വഞ്ചനയും നടത്തിയത് യു.ഡി.എഫാണെന്നും എല്‍ഡിഎഫിന്റേത് രാഷ്ട്രീയസമരം മാത്രമായിരുന്നെന്നും ജോസ് കെ. മാണി. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്നും ജോസ് കെ. മാണി ആരോപിച്ചു.

അതേസമയം ബാര്‍ കേസില്‍ കേരള കോണ്‍ഗ്രസിനു വേണ്ടി സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ പക്കല്‍ ഉണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തു വിടാന്‍ തീരുമാനിച്ചിട്ടില്ല. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടന്നെന്നും അതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പങ്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. സംഭവം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. പി.സി.ജോര്‍ജും ജോസഫ് വാഴയ്ക്കനും അടൂര്‍ പ്രകാശും ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


അതിനിടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്റെ ഹൃദയവികാരമാണ്. മുന്നണി നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം. കേരള കോണ്‍ഗ്രസിന്റെ ശക്തിയെന്ന് എല്‍.ഡി.എഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. സീറ്റ് വിഭജനം ഒരിക്കലും കീറാമുട്ടിയാകില്ല. സീറ്റ് വിഭജനം എല്‍.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്റേത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends