അറബ് രാജ്യങ്ങളുടെ അനൗദ്യോഗിക വിലക്കിന് പിന്നാലെ ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനവുമായി തുര്‍ക്കി പ്രസിഡന്റ് ; ഫ്രാന്‍സിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ; പോര് മുറുകുന്നു

അറബ് രാജ്യങ്ങളുടെ അനൗദ്യോഗിക വിലക്കിന് പിന്നാലെ ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനവുമായി തുര്‍ക്കി പ്രസിഡന്റ് ; ഫ്രാന്‍സിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ; പോര് മുറുകുന്നു
ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനവുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും. ചരിത്രാധ്യാപകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നെന്ന് ആരോപിച്ചാണ് എര്‍ദൊഗാന്റെ ആഹ്വാനം. രണ്ടാം ലോകമഹായുദ്ധത്തില്‍ ജൂതര്‍ക്കെതിരെ നടന്ന വിദ്വേഷ ക്യാമ്പയിനു സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും എര്‍ദൊഗാന്‍ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള പ്രചാരണം നിര്‍ത്തണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനോട് ആവശ്യപ്പെടണമെന്നും എര്‍ദൊഗാന്‍ പറഞ്ഞു.


ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രാന്‍സിനെതിരെ അനൗദ്യോഗിക വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് തുര്‍ക്കി പ്രസിഡന്റ് പരസ്യമായി വിലക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ മാക്രോണിന്റെ മാനസികനില പരിശോധിക്കണമെന്ന് എര്‍ദൊഗാന്‍ പരിഹസിച്ചിരുന്നു.

ഫ്രാന്‍സിന് പിന്തുണയറിച്ച് കൊണ്ട് ഇതിനകം യൂറോപ്യന്‍ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. മാക്രോണിനെതിരെയുള്ള എര്‍ദൊഗാന്‍ നടത്തിയ പരാമര്‍ശം അപമാനകരമെന്നാണ് ജര്‍മ്മനി പ്രതികരിച്ചത്.എര്‍ദൊഗാന്റെ പരാമര്‍ശം അപകീര്‍ത്തിപരമാണെന്നും ഒരുതരത്തിലും അംഗീകരിക്കില്ലെന്നുമാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ പ്രതിനിധി സ്റ്റീഫന്‍ സീബര്‍ട്ട് പറഞ്ഞിരിക്കുന്നത്.വ്യക്തിപരമായുള്ള എര്‍ദൊഗാന്റെ ആക്രമണങ്ങള്‍ വളരെ മോശം കാര്യമാണെന്നാണ് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് പ്രതികരിച്ചത്.

ഫ്രാന്‍സിനൊപ്പം ശക്തമായി നിലകൊള്ളുന്നെന്നാണ് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടെ അഭിപ്രായപ്പെട്ടത്. ഒപ്പം മാക്രോണിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയും അഭിപ്രായപ്പെട്ടു.

തുര്‍ക്കിക്കൊപ്പം യൂറോപ്യന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന പോസിറ്റീവ് അജണ്ടയക്കെതിരാണ് എര്‍ദൊഗാന്റെ പരാമര്‍ശമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി കോണ്ടെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ജോര്‍ദ്ദാന്‍, സിറിയ, ലിബിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഒപ്പം പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധമുണ്ട്. ഫ്രാന്‍സിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു.

Other News in this category



4malayalees Recommends