ബ്രിട്ടീഷ് എയര്‍വേസ് ഉടമയായ ഐഎജിക്ക് ഈ വര്‍ഷം 5.1 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം; കാരണം കോവിഡ് എയര്‍ലൈന്‍ മേഖലയ്ക്ക് മേലുണ്ടാക്കിയ വന്‍ പ്രത്യാഘാതം; സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇടക്കിടെ മാറ്റം വരുത്തിയത് ബ്രിട്ടീഷ് എയര്‍വേസിനെ കാര്യമായി ബാധിച്ചു

ബ്രിട്ടീഷ് എയര്‍വേസ് ഉടമയായ ഐഎജിക്ക് ഈ വര്‍ഷം 5.1 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം; കാരണം കോവിഡ് എയര്‍ലൈന്‍ മേഖലയ്ക്ക് മേലുണ്ടാക്കിയ വന്‍ പ്രത്യാഘാതം; സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇടക്കിടെ മാറ്റം വരുത്തിയത് ബ്രിട്ടീഷ് എയര്‍വേസിനെ കാര്യമായി ബാധിച്ചു

കോവിഡ് തീര്‍ത്ത പ്രതിസന്ധി കാരണം ബ്രിട്ടീഷ് എയര്‍വേസ് ഉടമയായ ഐഎജിക്ക് ഈ വര്‍ഷം 5.1 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രാ വിലക്കുകളില്‍ ഇടതടവില്ലാതെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതാണ് തന്റെ നഷ്ടം വര്‍ധിക്കാന്‍ പ്രധാന കാരണമായി വര്‍ത്തിച്ചിരിക്കുന്നതെന്നാണ് ഐഎജി ചീഫ് എക്‌സിക്യൂട്ടീവായ ലൂയീസ് ഗാല്ലെഗ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസങ്ങളിലാണ് ഐഎജിക്ക് ഏറ്റവും കൂടുതല്‍ നഷ്ടങ്ങളുണ്ടായിരിക്കുന്നത്.


2019ല്‍ ഇതേ കാലയളവില്‍ ഐഎജി 1.8 ബില്യണ്‍ പൗണ്ടിന്റെ ലാഭമുണ്ടാക്കിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ നഷ്ടത്തിന്റെ ആഴമേറെയാണ്. കോവിഡ് കാരണം ആഗോളതലത്തില്‍ എയര്‍ലൈന്‍ മേഖലയ്ക്കും ട്രാവല്‍ സെക്ടറുകള്‍ക്കുമുണ്ടായ ആഘാതത്തിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് എയര്‍വേസിനും കടുത്ത തിരിച്ചടിയുണ്ടായിരിക്കുന്നതെന്നാണ് ഐഎജി ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. 2020 ഫെബ്രുവരി അവസാനം മുതലാണ് ഇത്തരത്തില്‍ തിരിച്ചടികളുണ്ടാകാന്‍ തുടങ്ങിയതെന്നും അതില്‍ നിന്നും കരകയറുന്നതിനുള്ള യാതൊരു സൂചനകളും പുറത്ത് വന്നിട്ടില്ലെന്നും ഐഎജി ആശങ്കയോടെ എടുത്ത് കാട്ടുന്നു.

ഈ വര്‍ഷത്തെ ക്വാര്‍ട്ടര്‍ 3യില്‍ തങ്ങളുടെ ഓപ്പറേറ്റിംഗ് നഷ്ടം 1300 മില്യണ്‍ യൂറോസ് അഥവാ 1175 മില്യണ്‍ പൗണ്ടായിരുന്നുവെന്നും ലൂയീസ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഓപ്പറേഷണല്‍ ലാഭമായി 1288 മില്യണ്‍ പൗണ്ടുണ്ടാക്കിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം കടുത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നിലവില്‍ മൊത്തം ഓപ്പറേഷണല്‍ നഷ്ടം 1733 മില്യണ്‍ പൗണ്ടാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

ബ്രിട്ടീഷ് എയര്‍വേസ്, എയര്‍ ലിന്‍ഗുസ് എന്നിവക്ക് വേണ്ടി വരുന്ന റീസ്ട്രക്ചറിംഗ് ചെലവ് താങ്ങാന്‍ പറ്റാത്തതാണെന്നും ലൂയിസ് വിവരിക്കുന്നു. കോവിഡ് 19 ഇവിടുത്തെ ബിസിനസുകള്‍ക്ക് മേലുണ്ടാക്കിയ നെഗറ്റീവ് സ്വാധീനമാണിത് എടുത്ത് കാട്ടുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇടതടവില്ലാതെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നത് എയര്‍ലൈന്‍ മേഖലയെയാണ് കാര്യമായി ബാധിച്ചിരിക്കുന്നതെന്നും ഐഎജിക്ക് മേല്‍ ഇതുണ്ടാക്കിയ നഷ്ടമേറെയാണെന്നും ലൂയീസ് വെളിപ്പെടുത്തുന്നു. കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധി ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്താനാവാതെ നിര്‍ത്തിയിടേണ്ടി വന്നിരിക്കുന്നത്. ഇത് കാരണമുണ്ടായിരിക്കുന്ന നഷ്ടത്തിന് പുറമെ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് വിമാനങ്ങള്‍ക്കുണ്ടായിരിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ വന്‍ തുക കണ്ടെത്തേണ്ട ഗതികേടിലുമാണ് ഐഎജി ഇപ്പോള്‍ .
Other News in this category4malayalees Recommends