ക്രിക്കറ്റ് ഗ്രൗണ്ടില്‍ തോല്‍വി മുന്നില്‍ കണ്ട് ടീം ഇന്ത്യ വിയര്‍ക്കുമ്പോള്‍ ഗ്യാലറിയില്‍ പ്രണയത്തിന്റെ സന്തോഷം സ്വന്തമാക്കി ഒരു ഇന്ത്യക്കാരന്. രണ്ടാം ഓസീസ്ഇന്ത്യ ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെയാണ് ഗ്യാലറിയില്‍ ഒരു ഓസീസ്ഇന്ത്യന് പ്രണയം പൂത്തുലഞ്ഞത്. ഈ കഥയിലെ നായകന് ഇന്ത്യന്‍ വംശജനും നായിക ഓസ്ട്രേലിയന്‍ യുവതിയുമാണ്. മത്സരത്തിനിടെ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ രണ്ടാം ബാറ്റിങിന് ഇറങ്ങിയതിനിടെയായിരുന്നു ഈ മനോഹര നിമിഷങ്ങള്‍.
ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും ക്രിസില്‍ നില്‍ക്കെ ഇന്ത്യന്‍ ബാറ്റിങ് 20 ഓവര്‍ പിന്നിടുകയും ചെയ്യുമ്പോഴാണ് ഗാലറിയില്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ ആരാധകന് ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്. അപ്രതീക്ഷിതമായായിരുന്നു യുവാവിന്റെ നീക്കം. മുട്ടുകുത്തി നിന്ന് മോതിരം മുന്നിലേക്ക് നീട്ടി പ്രണയാര്‍ദ്രമായി യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു യുവാവ്.
ഈ പ്രവര്‍ത്തിയില്‍ ആദ്യമൊന്ന് അമ്പരന്ന യുവതി ഒടുവില്‍ ആ പ്രണയം സ്വീകരിക്കുകയും ഗ്രൗണ്ടിലെ വലിയ സ്ക്രീനില്‍ മനോഹരമായ നിമിഷങ്ങള്‍ തത്സമയം തെളിയുകയും ചെയ്യുകയായിരുന്നു. താരങ്ങള്‍ കൈയ്യടിച്ച് അഭിനന്ദിച്ചതോടെ ആ നിമിഷം കൂടുതല്‍ സുന്ദരമാകുകയും ചെയ്തു. ഇന്ത്യന്‍ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല് പ്രണയരംഗത്തെ അഭിനന്ദിക്കുന്നതും ശ്രദ്ധേയമായി.