പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ; അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പാക്കും ; കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം നിര്‍ണ്ണായകം

പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ; അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പാക്കും ; കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം നിര്‍ണ്ണായകം
പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പരീക്ഷിക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറാണെന്നു കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു.

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖയും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക നീക്കം.

വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിന് ഉള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.

തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം വോട്ട് മടക്കി അയക്കണം.

വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലില്‍ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലങ്ങളില്‍ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പോസ്റ്റല്‍ വോട്ട് സൗകര്യമുള്ളത്. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി വരുത്തിയാല്‍ മതി.

Other News in this category4malayalees Recommends