വിളിച്ചാല്‍ ആയിരംപേര് വരും, വര്‍ഗീയ കലാപമുണ്ടാക്കും'; ഭക്ഷണത്തിന് പണംചോദിച്ച ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ മൂന്ന് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

വിളിച്ചാല്‍ ആയിരംപേര് വരും, വര്‍ഗീയ കലാപമുണ്ടാക്കും'; ഭക്ഷണത്തിന് പണംചോദിച്ച ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ മൂന്ന് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍
ചെന്നെയില്‍ ഭക്ഷണം കഴിച്ചതിന് പണംചോദിച്ച ഹോട്ടലുടമയെ, വര്‍ഗീയകലാപമുണ്ടാക്കും എന്ന് ഭീഷണിപ്പെടുത്തിയ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

മുഹമ്മദ് അബൂബക്കര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രി ഏറെവൈകിയാണ് ഇവര്‍ എത്തിയത്. മദ്യപിച്ചിരുന്ന സംഘം ചിക്കന്‍ ഫ്രൈഡ് റൈസ് നല്‍കാന്‍ ആവശ്യപ്പെട്ടു. കട അടയ്ക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും മൂവര്‍സംഘം അതുസമ്മതിക്കാതെ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഭക്ഷണം പാകംചെയ്യിച്ചു.

പിന്നീട് ഭക്ഷണംകഴിച്ചതിന് ശേഷം ബില്‍നല്‍കിയപ്പോള്‍ പണം നല്‍കാന്‍ തയ്യാറായില്ല. അത് ചോദ്യംചെയ്തതോടെ അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്‌സണല്‍ സെക്രട്ടറിയെ വിളിക്കുമെന്നും താന്‍വിളിച്ചാല്‍ വരാന്‍ ആയിരംപേര്‍ തയ്യാറായിരിക്കുകയാണെന്നും വര്‍ഗീയ കലാപമുണ്ടാക്കുമെന്നും ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. അതോടെ അബൂബക്കര്‍ പോലീസിനെ വിളിച്ചുവരുത്തി.

സ്ഥലത്തെത്തിയ ഐസ്ഹൗസ് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പി. നേതാക്കളാണെന്നപേരില്‍ പണംനല്‍കാതെ ട്രിപ്ലിക്കേനിലും ഐസ്ഹൗസിലുമുള്ള ഹോട്ടലുകളില്‍നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേകടയില്‍നിന്ന് കഴിഞ്ഞയിടെ 850 രൂപയ്ക്ക് ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ പോയിരുന്നു. ഈസംഭവത്തില്‍ അബൂബക്കര്‍ നല്‍കിയ പരാതിയിലാണ് പുരുഷോത്തമനെയും ഭാസ്‌കറെയും അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സൂര്യയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.


Other News in this category4malayalees Recommends