യുകെ കോവിഡ് സ്‌ട്രെയിന്‍; പുതിയ വേരിയന്റ് ഇന്ത്യയില്‍ 109 പേരില്‍ തിരിച്ചറിഞ്ഞു; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

യുകെ കോവിഡ് സ്‌ട്രെയിന്‍; പുതിയ വേരിയന്റ് ഇന്ത്യയില്‍ 109 പേരില്‍ തിരിച്ചറിഞ്ഞു; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം
കൊറോണാവൈറസിന്റെ പുതിയ യുകെ വേരിയന്റിന് പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഇന്ത്യയില്‍ 109 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബുധനാഴ്ച 102 പേര്‍ക്കാണ് കോവിഡ് യുകെ വേരിയന്റ് സ്ഥിരീകരിച്ചിരുന്നത്. പുതിയ സ്‌ട്രെയിനില്‍ പോസിറ്റീവായി ഏഴ് പേര്‍ കൂടി എത്തിയതോടെയാണ് പുതിയ കണക്ക് 109 ആയി ഉയര്‍ന്നത്.

വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പ്രത്യേകം സജ്ജീകരിച്ച ഹെല്‍ത്ത്‌കെയര്‍ സെന്ററുകളിലാണ് ഈ രോഗികളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെയും ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരെയും, കുടുംബാംഗങ്ങളുടെ സമ്പര്‍ക്കവും തിരിച്ചറിയാനുള്ള വ്യാപകമായ ട്രേസിംഗ് നടപടികളാണ് പുരോഗമിക്കുന്നത്.

വൈറസിന്റെ ജനിതക ഘടന കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. കൂടാതെ ക്വാറന്റൈന്‍, ടെസ്റ്റിംഗ്, ജീനോമിക്‌സ് കണ്‍സോര്‍ഷ്യം ലാബുകളിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

യുകെയില്‍ കണ്ടെത്തിയ പുതിയ വേരിയന്റ് ഇന്ത്യക്ക് പുറമെ ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ആസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനണ്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുകെയില്‍ പുതിയ വൈറസ് വേരിയന്റ് വ്യാപകമായ തരത്തില്‍ ജനങ്ങളില്‍ രോഗം പരത്തുന്നുണ്ട്. ഈ അവസ്ഥയിലാണ് യുകെ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണും നടപ്പാക്കിയത്.

Other News in this category4malayalees Recommends