ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി കോടീശ്വരനായിട്ടും ടാപ്പിങ് തൊഴില്‍ തുടര്‍ന്ന് രാജന്‍ ; കോടീശ്വരനായിട്ടും ജീവിതത്തില്‍ മാറ്റമൊന്നുമില്ല ഇദ്ദേഹത്തിന്

ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി കോടീശ്വരനായിട്ടും ടാപ്പിങ് തൊഴില്‍ തുടര്‍ന്ന് രാജന്‍ ; കോടീശ്വരനായിട്ടും ജീവിതത്തില്‍ മാറ്റമൊന്നുമില്ല ഇദ്ദേഹത്തിന്
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി കോടീശ്വരനായിട്ടും ടാപ്പിങ് തൊഴില്‍ തുടര്‍ന്ന് കണ്ണൂര്‍ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്ന രാജന്‍. 12 കോടി സമ്മാനവുമായി കേരളഭാഗ്യക്കുറി ജീവിതത്തിലേക്ക് വന്നിട്ടും, കോടീശ്വരനായിട്ടും രാജന്റെ ജീവിതത്തില്‍ മാറ്റങ്ങളൊന്നുമില്ല.

റബ്ബര്‍ ടാപ്പിങ് ജോലി ഇപ്പോഴും തുടരുന്നു. ലോട്ടറി അടിച്ച പണത്തില്‍ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പന്‍ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുന്ന തിരക്കിലാണ് രാജനെന്ന് മാത്രം. എന്തിനാണിതെന്ന് ചോദിച്ചാല്‍, എല്ലാം ദൈവകൃപയല്ലേ എന്നാണ് രാജന്റെ മറുപടി.

വീടും പുരയിടവും കടത്തിലായി ജപ്തി നോട്ടീസ് വരെയെത്തിയതിനിടെയാണ് രാജനെ തേടി ഭാഗ്യദേവതയെത്തിയത്. വായ്പ തിരിച്ചടയ്ക്കാന്‍ മറ്റൊരു വായ്പക്കുള്ള ഓട്ടത്തിനിടെയാണ് കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് രാജന്‍ ടിക്കറ്റ് വാങ്ങിയത്.

അന്ന് ജപ്തി നോട്ടീസിനൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിന് 12 കോടിയുടെ ഒന്നാംസമ്മാനം ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മൂത്ത മകള്‍ ആതിര വിവാഹിതയായി. മകന്‍ രിഗില്‍ അച്ഛനെ ടാപ്പിങ് ജോലിയില്‍ സഹായിക്കുന്നു. സ്ഥലങ്ങളെല്ലാം നോക്കി നടത്തുന്നു.

രാജന്റെ ഇളയ മകള്‍ ബിഎ ഇക്കണോമിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. 12 കോടിയില്‍ ഏഴുകോടി 56 ലക്ഷം രൂപയാണ് നികുതിയൊക്കെ കഴിച്ച് രാജന് ലഭിച്ചത്. പുതുതായി ഒരു വീട് നിര്‍മ്മിച്ചുവരുന്നു. പുരളിമല കൈതച്ചാല്‍ നിത്യചൈതന്യ മുത്തപ്പന്‍ സ്ഥാനം ക്ഷേത്രത്തിന്റെ കട്ടിള വെപ്പ് കഴിഞ്ഞദിവസം നടന്നു.


Other News in this category



4malayalees Recommends