നിയമ സഭയുടെ അന്തസാണ് പ്രശ്‌നം ; ഓരോ ദിവസവും ഗൗരവമുള്ള വാര്‍ത്തയാണ് വരുന്നത് ; സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം ; സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നു

നിയമ സഭയുടെ അന്തസാണ് പ്രശ്‌നം ; ഓരോ ദിവസവും ഗൗരവമുള്ള വാര്‍ത്തയാണ് വരുന്നത് ; സ്പീക്കര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം ; സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നു
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച. അവിശ്വാസ പ്രമേയം എം ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ചു. സഭ നിയന്ത്രിക്കുന്നത് ഡപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തിലാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള സ്പീക്കറുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്ന് എം ഉമ്മര്‍ എംഎല്‍എ പറഞ്ഞു. പ്രതികളുമായി സ്പീക്കര്‍ക്ക് സംശയകരമായ ബന്ധമാണുള്ളത്. പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് മാധ്യമങ്ങളില്‍ വന്നതാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം. ഉമ്മര്‍ പറഞ്ഞു

സ്പീക്കര്‍ക്കെതിരായ പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് ശര്‍മ്മ എംഎല്‍എ പറഞ്ഞു. സ്പീക്കര്‍ പദവിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ക്കെതിരായ പരാമര്‍ശം ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ പ്രതികരണം. കട ഉദ്ഘാടനം ചെയ്യുന്നത് തെറ്റല്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചതെന്നും ജി സുധാകരന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരായ പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം ആണെന്നും പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നോട് ചോദിക്കാമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

സ്വര്‍ണ കടത്ത് ഡോളര്‍ കടത്ത് കേസുകളും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ധൂര്‍ത്തുമാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.

സ്പീക്കര്‍ക്കും തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ടാകും. പ്രമേയത്തില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് തീരുമാനം. ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പ്. സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പരാജയപ്പെടും. അതു കഴിഞ്ഞാലുടന്‍ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം.

1982ല്‍ എ. സി ജോസും 2004 ല്‍ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കര്‍മാര്‍. തുടര്‍ച്ചയായ കാസ്റ്റിംഗ് വോട്ടുകളാണ് എ.സി ജോസിനെതിരായ പ്രമേയത്തിന് കാരണമായത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോടോത്ത് ഗോവിന്ദന്‍ നായരെ പിന്തുണച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു വക്കം പുരുഷോത്തമനെതിരായ നോട്ടീസ്.

Other News in this category4malayalees Recommends