സിക്കിമിലെ നാകു ലാ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരുടെ ശ്രമം തകര്‍ത്ത് ഇന്ത്യ. കഴിഞ്ഞ ആഴ്ചയാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ആഴ്ച അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ചൈനീസ് സൈനികര്‍ ശ്രമിച്ചതായി ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ നോര്‍ത്ത് സിക്കിമിലെ നാകു ലായിലുള്ള ഇന്ത്യന്‍ സൈന്യം ഇതിനെ തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു.
സിക്കിമിലുണ്ടായ സംഘര്‍ഷത്തില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇന്ത്യയുടെ ഭാഗത്ത് നാല് സൈനികര്‍ക്കും പരുക്കേറ്റു. നോര്‍ത്ത് സിക്കിമിലെ ദുര്‍ഘടമായ കാലാവസ്ഥയിലും ചൈനയെ പുറംതള്ളുന്നതില്‍ ഇന്ത്യന്‍ സൈനികര്‍ വിജയിച്ചു. അക്രമം നടന്ന മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാലാവസ്ഥ ഒട്ടും അനുയോജ്യമല്ലെങ്കിലും അതീവ ജാഗ്രതയാണ് ഇന്ത്യന്‍ സൈന്യം പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യവും, പിഎല്‍എ സൈനികരും തമ്മിലുണ്ടായ രക്തകലുഷിതമായ ഏറ്റുമുട്ടലിന് ശേഷമാണ് പുതിയ സംഭവം.
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താമെന്ന ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഈ സംഭവം തിരിച്ചടിയാണ്. കടുത്ത കാലാവസ്ഥയിലും ഇരുവശത്തും സൈനികരെയും, യുദ്ധോപകരണങ്ങളും നിരത്തി നിലയുറപ്പിച്ചിരിക്കുകയാണ് സൈന്യം.