75 കാരന്റെ മരണം വാഹനാപകടമല്ല ; കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് ; മരുമകന്‍ അറസ്റ്റില്‍

75 കാരന്റെ മരണം വാഹനാപകടമല്ല ; കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് ; മരുമകന്‍ അറസ്റ്റില്‍
കടയ്ക്കല്‍ മടത്തറ തുമ്പമണ്‍തൊടി എ എന്‍ എസ് മന്‍സിലില്‍ യഹിയ (75) മരിച്ചത് വാഹനാപകടത്തില്‍ അല്ലെന്നും മരുമകന്‍ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തല്‍. ഭാര്യാപിതാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ മരുമകനെ പൊലീസ് അറസ്റ്റും ചെയ്തു. യഹിയയുടെ മരുമകന്‍ മടത്തറ തുമ്പമണ്‍തൊടി സലാം മന്‍സിലില്‍ എം അബ്ദുല്‍ സലാം (52) ആണ് അറസ്റ്റിലായത്. കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയില്‍ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.

യഹിയയുടെ ചെറുമകനും കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സല്‍ (14) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 9 മാസമായി അബ്ദുല്‍ സലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. കൊട്ടാരക്കര കുടുംബ കോടതിയില്‍ ഇതു സംബന്ധിച്ച് കേസും നിലവിലുണ്ട്.

സലാം തന്റെ വസ്തുക്കള്‍ സഹോദരങ്ങളുടെയും മറ്റും പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയില്‍ നിന്ന് 23 ന് സ്റ്റേ വാങ്ങി. ഈ ഉത്തരവ് നടപ്പാക്കാന്‍ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകാന്‍ ഭാര്യാ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി തട്ടത്തുമലയില്‍ എത്തിയപ്പോഴാണ് കാറിടിപ്പിച്ചത്.

സലാം കാറില്‍ ഇവരെ പിന്‍തുടരുന്നുണ്ടായിരുന്നു. പാറക്കടയില്‍ റോഡില്‍ യഹിയയും അഫ്‌സലും നില്‍ക്കുന്നതു കണ്ട് കാറിന്റെ വേഗം കൂട്ടി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരിച്ചു. പ്രതിയെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് കോടതിയില്‍ ഹാജരാക്കി. സാഹചര്യത്തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. ചികിത്സയില്‍ കഴിയുന്ന അഫ്‌സലിന്റെ മൊഴിയും സംഭവത്തില്‍ നിര്‍ണായകമായി.

Other News in this category4malayalees Recommends