ഇ.ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ചേക്കും ; വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ സാധ്യത ; ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിച്ചേക്കും

ഇ.ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ചേക്കും ; വി മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ സാധ്യത ; ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിച്ചേക്കും
സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്ത മാസം 12ന് ഔദ്യേഗികമായി പ്രഖ്യാപിച്ചേക്കും. ഇരുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറക്കുറെ പൂര്‍ത്തിയായി. മുന്നണിക്ക് കൂടുതല്‍ വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിലാണ് ആദ്യഘട്ട കൂടിയാലോചനകളും തീരുമാനങ്ങളും. കരട് പട്ടിക പത്തിന് മുമ്പ് കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന് കൈമാറാനാണ് തീരുമാനം. കഴിഞ്ഞ തവണ ബി!ഡിജെഎസ് മല്‍സരിച്ച ഏതാനും മണ്ഡലങ്ങള്‍ കൂടി ഇത്തവണ ബിജെപി ഏറ്റെടുക്കും.

ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീധരന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും, തട്ടകം സ്വന്തം നാട്ടിലാകണമെന്നാണ് അദ്ദേഹത്തിനു താത്പര്യം. പൊന്നാനി ആയിരുന്നു ശ്രീധരന്റെ ഫസ്റ്റ് ചോയ്‌സ് അല്ലെങ്കില്‍ ബി.ജെ.പി ശക്തികേന്ദ്രമായ ഷൊര്‍ണൂര്‍. എന്നാല്‍ പാര്‍ട്ടിക്ക് അദ്ദേഹത്തെ പാലക്കാട്ട് മത്സരിപ്പിക്കാനായിരുന്നു താത്പര്യം. നിര്‍ബന്ധം കാരണം ശ്രീധരന്‍ അര്‍ദ്ധസമ്മതം മൂളിയതായാണ് സൂചന.

കൊച്ചി മെട്രോയുടെയും പാലാരിവട്ടം പാലത്തിന്റെയും പേരില്‍ ശ്രീധരനുള്ള സല്‍പ്പേര് കൂടുതല്‍ പ്രയോജനപ്പെടുക എറണാകുളം മേഖലയിലായിരിക്കും എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രമം അദ്ദേഹത്തെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ്. ബി.ജെ.പിക്ക് തൃപ്പൂണിത്തുറയില്‍ മുപ്പതിനായിരത്തോളം വോട്ടുണ്ടെന്നിരിക്കെ, ശ്രീധരന്റെ ഇമേജ് കൂടിയാകുമ്പോള്‍ വിജയം ഉറപ്പെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലധികം വോട്ടു നേടിയ, രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയാകട്ടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറാകുന്നില്ല. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരത്തിനില്ല. സമ്മര്‍ദ്ദം കൂടുകയാണെങ്കില്‍ കോട്ടയം ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സാദ്ധ്യതയുള്ള കാഞ്ഞിരപ്പള്ളിയിലാവും അദ്ദേഹം കളത്തിലിറങ്ങുക. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. കഴിഞ്ഞ തവണ അദ്ദേഹം ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിച്ചേക്കും. അതിനിടെ, ബി.ജെ.പിയില്‍ ഇതുവരെ ഔപചാരികമായി ചേര്‍ന്നിട്ടില്ലാത്ത മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ വര്‍ക്കലയില്‍ മത്സരിക്കാന്‍ സാദ്ധ്യതയേറി. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് നല്‍കിയ ഈ സീറ്റ് ഇക്കുറി തിരികെ വാങ്ങാനാണ് സാദ്ധ്യത. ബി.ഡി.ജെ.എസ് വഴങ്ങിയില്ലെങ്കില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലോ ചാലക്കുടിയിലോ അദ്ദേഹത്തെ മത്സരിപ്പിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നു മത്സരിച്ച് മികച്ച പ്രകടനം നടത്തിയ മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഇത്തവണ കരുനാഗപ്പള്ളിയില്‍ നിന്നാവും മത്സരിക്കുക. നേമത്ത് ഇത്തവണ ഒ.രാജഗോപാലിനു പകരം കുമ്മനം രാജശേഖരന്‍ മത്സരിക്കും. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് കാട്ടാക്കടയില്‍.

ബി.ജെ.പിയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു വേണ്ടി വിവിധ ജില്ലാ കമ്മിറ്റികള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, പുതുക്കാട്, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ നിന്നാണ് സുരേന്ദ്രനു വേണ്ടി ശബ്ദമുയരുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.സുധീര്‍ ആറ്റിങ്ങലും സി.കൃഷ്ണകുമാര്‍ മലമ്പുഴയിലും എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ മണലൂരിലും യുവമോര്‍ച്ച പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ കൊയിലാണ്ടിയിലും ജനവിധി തേടും. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് വഴി ബി.ജെ.പിയിലെത്തിയ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി കുന്നമംഗലത്താകും മത്സരിക്കുക.


Other News in this category4malayalees Recommends