രാജ്ഞിയുടെ ഡബിള്‍ റോള്‍ ഓഫര്‍ മെഗാന്‍ തള്ളി; രാജകുടുംബത്തിന്റെ അംബാസിഡര്‍ ആകുന്നതിനൊപ്പം അഭിനയം തുടരാനും രാജ്ഞി അനുമതി നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍

രാജ്ഞിയുടെ ഡബിള്‍ റോള്‍ ഓഫര്‍ മെഗാന്‍ തള്ളി; രാജകുടുംബത്തിന്റെ അംബാസിഡര്‍ ആകുന്നതിനൊപ്പം അഭിനയം തുടരാനും രാജ്ഞി അനുമതി നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍
രാജകുടുംബത്തിന്റെ അംബാസിഡറായി ലോകത്തില്‍ കറങ്ങുന്നതിനൊപ്പം അഭിനയ കരിയറുമായി മുന്നോട്ട് പോരാന്‍ രാജ്ഞി മെഗാന്‍ മാര്‍ക്കിളിന് മുന്നില്‍ ഓഫര്‍ വെച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഡബിള്‍ റോള്‍ ഓഫര്‍ മെഗാന്‍ തള്ളിക്കളഞ്ഞതായി റോയല്‍ ബയോഗ്രാഫര്‍ ആന്‍ഡ്രൂ മോര്‍ട്ടണ്‍ അവകാശപ്പെടുന്നു. മെഗാനെ സന്തോഷിപ്പിച്ച് നിര്‍ത്താനായി മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ അവസരം നല്‍കിയെന്നാണ് മോര്‍ട്ടണ്‍ വെളിപ്പെടുത്തുന്നത്.

എന്നാല്‍ മെഗാനും, ഹാരി രാജകുമാരനും പൂര്‍ണ്ണമായി രാജകുടുംബത്തില്‍ നിന്നും പിന്‍വാങ്ങി യുഎസില്‍ താമസം ഉറപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിന് ശേഷമാണ് ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തിലൂടെ രാജകുടുംബത്തിന് എതിരെ സുപ്രധാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നാണ് മോര്‍ട്ടണ്‍ വാദിക്കുന്നത്.

1992ല്‍ ഡയാന രാജകുമാരിയെ കുറിച്ചുള്ള സൂപ്പര്‍ഹിറ്റ് ബയോഗ്രാഫി എഴുതി രാജകുടുംബത്തെ ഞെട്ടിച്ച വ്യക്തിയാണ് മോര്‍ട്ടണ്‍. മറ്റാര്‍ക്കും നല്‍കാത്ത ഓഫറാണ് പ്രിയപ്പെട്ട മുത്തശ്ശി ഹാരിക്കും, ഭാര്യക്കും മുന്നില്‍ വെച്ചതെന്ന് ശ്രോതസ്സുകളെ ഉദ്ധരിച്ച് മോര്‍ട്ടണ്‍ വ്യക്തമാക്കുന്നു. രാജകീയ ദൗത്യങ്ങളില്‍ സമ്പൂര്‍ണ്ണമായി പങ്കെടുക്കാന്‍ മെഗാന് സാധിക്കുന്നില്ലെങ്കില്‍ അതിഥിയായി തുടരാനും, അഭിനയം തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോകാനും അവസരം നല്‍കിയെന്നും മോര്‍ട്ടണ്‍ വെളിപ്പെടുത്തുന്നു.

ഒപ്രാ വിന്‍ഫ്രെ അഭിമുഖത്തില്‍ മെഗാന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ മോര്‍ട്ടണ്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് അഭിനയം വരെ തുടരാന്‍ രാജ്ഞി ഓഫര്‍ നല്‍കിയ സാഹചര്യത്തില്‍ രാജകുടുംബത്തിലെ തടവുകാരിയായി മാറുന്ന അവസ്ഥ എങ്ങിനെ നേരിടുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.


Other News in this category4malayalees Recommends