മകന് വേണ്ടി കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ സ്വന്തം മകളെ ; വിവാഹ ദിവസം ഞെട്ടിക്കുന്ന സംഭവം

മകന് വേണ്ടി കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ സ്വന്തം മകളെ ; വിവാഹ ദിവസം ഞെട്ടിക്കുന്ന സംഭവം
മകന്റെ വധുവാകാന്‍ പോകുന്നത് സ്വന്തം മകളാണെന്ന് അമ്മ തിരിച്ചറിയുന്നത് വിവാഹ ദിവസം. ചൈനയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ മകളെ മകന്റെ ഭാവി വധുവായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു അമ്മ. ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലുള്ള സൂചോ എന്ന സ്ഥലത്താണ് സംഭവം .മാര്‍ച്ച് 31 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.

മകന്റെ വിവാഹ ദിവസം ഭാവി മരുമകളെ കാണാനെത്തിയതായിരുന്നു അമ്മ. അവിചാരിതമായി യുവതിയുടെ കയ്യില്‍ കണ്ട പാടാണ് തിരിച്ചറിയാനിടയാക്കിയത്. ഇരുപത് വര്‍ഷം മുമ്പ് തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ പാട് ഉണ്ടായിരുന്നു. യുവതിയുടെ കയ്യിലെ പാട് കണ്ടതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് കാര്യങ്ങള്‍ അന്വേഷിച്ചതാണ് വഴിത്തിരിവായത്. യുവതിയെ ദത്തെടുത്താണോ എന്നായിരുന്നു മാതാപിതാക്കളോട് വരന്റെ അമ്മ ചോദിച്ചത്. എന്നാല്‍ മകളായി വളര്‍ത്തിയ യുവതിയെ തങ്ങള്‍ ദത്തെടുത്തതാണെന്ന് ഇരുവരും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

വരന്റെ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ആദ്യം പകച്ചെങ്കിലും തങ്ങള്‍ ദത്തെടുത്തതാണെന്ന കാര്യം അവര്‍ സമ്മതിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ തങ്ങള്‍ സ്വന്തം മകളായി വളര്‍ത്തുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞത് എല്ലാവരേയും ഞെട്ടിച്ചു. എന്നാല്‍ അതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയായിരുന്നു വരന്റെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടമായ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ച മകളാണ് വധുവായി തന്റെ മുന്നില്‍ നില്‍ക്കുന്നതെന്നായിരുന്നു അമ്മയുടെ വെളിപ്പെടുത്തല്‍. എല്ലാവരും ഞെട്ടിത്തരിച്ചു നില്‍ക്കെ അടുത്ത ട്വിസ്റ്റുമായി വരന്റെ അമ്മ വീണ്ടും രംഗത്തെത്തി. യുവാവിനെ താന്‍ ദത്തെടുത്തതാണെന്നും അതിനാല്‍ തന്നെ ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങള്‍ അല്ലെന്നും അമ്മ മകനേയും മകളേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു.ഇരുപത് വര്‍ഷം മുമ്പ് മകളെ നഷ്ടമായതോടെയാണ് ഒരു ആണ്‍കുട്ടിയെ ദത്തെടുത്തതെന്ന് സ്ത്രീ പറയുന്നു.

എല്ലാ പ്രതീക്ഷകളും നഷ്ടമായ തന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു മകന്‍. മകളെ കുറിച്ച് വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ മകളെ മകന്റെ ഭാവി വധുവിന്റെ വേഷത്തില്‍ വീണ്ടും കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. വിവാഹം നടത്തിയെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category4malayalees Recommends