യുകെ ഗ്രീന്‍ലിസ്റ്റില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്നും ഹോളിഡേ കഴിഞ്ഞ് തിരിച്ച് വരുന്നവരെ കോവിഡ് ടെസ്റ്റില്‍ നിന്നൊഴിവാക്കാന്‍ ആലോചന; ടെസ്റ്റിനായി ചെലവാക്കേണ്ടുന്ന നൂറ് കണക്കിന് പൗണ്ട് ലാഭിച്ച് ഹോളിഡേയുടെ ചെലവ് കുറയും

യുകെ ഗ്രീന്‍ലിസ്റ്റില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്നും ഹോളിഡേ കഴിഞ്ഞ് തിരിച്ച് വരുന്നവരെ കോവിഡ് ടെസ്റ്റില്‍ നിന്നൊഴിവാക്കാന്‍ ആലോചന; ടെസ്റ്റിനായി ചെലവാക്കേണ്ടുന്ന നൂറ് കണക്കിന് പൗണ്ട് ലാഭിച്ച് ഹോളിഡേയുടെ ചെലവ് കുറയും
കോവിഡ് ഭീഷണിയുടെ കാര്യത്തില്‍ യുകെ ഗ്രീന്‍ലിസ്റ്റില്‍ പെടുത്തിയ രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് തിരിച്ച് വരുന്ന ഹോളിഡേ മേയ്ക്കര്‍മാരെ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതില്‍ നിന്നൊഴിവാക്കുന്ന കാര്യം മിനിസ്റ്റര്‍മാര്‍ പരിഗണിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ ടെസ്റ്റിനായി ചെലവാക്കേണ്ടുന്ന നൂറ് കണക്കിന് പൗണ്ടുകള്‍ ലാഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. നിലവിലെ നിയമപ്രകാരം ഗ്രീന്‍ലിസ്റ്റില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് തിരിച്ച് വരുന്ന ബ്രിട്ടീഷുകാര്‍ വിമാനം കയറുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.

തുടര്‍ന്ന് ഇവര്‍ ബ്രിട്ടനിലെത്തി രണ്ട് ദിവസത്തിനകം രണ്ടാമതൊരു ടെസ്റ്റിന് കൂടി വിധേയരാകണം. ഈ ടെസ്റ്റൊഴിവാക്കാനാണ് മിനിസ്റ്റര്‍മാര്‍ ആലോചിക്കുന്നത്. ഇത്തരത്തില്‍ ഗ്രീന്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ കോവിഡ് ടെസ്റ്റില്‍ നിന്നൊഴിവാക്കിയാല്‍ സമ്മറില്‍ വിദേശ ഡെസ്റ്റിനേഷനുകളിലേക്ക് ഹോളിഡേക്ക് പോകുന്ന നിരവധി ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ഹോളിഡേ കൂടുതല്‍ അഫോര്‍ഡബിളാകുമെന്ന പ്രതീക്ഷ ശക്തമാണ്. ഇത്തരത്തില്‍ തിരിച്ചെത്തുന്ന ഓരോരുത്തരും 200 പൗണ്ട് മുടക്കിയുള്ള ഗോള്‍ഡ്-സ്റ്റാന്‍ഡേര്‍ഡ് പിസിആര്‍ കോവിഡ് ടെസ്റ്റുകള്‍ക്കാണ് വിധേയമാകേണ്ടി വരുന്നത്.

മേയ് 17 മുതല്‍ ഹോളിഡേകള്‍ക്ക് പോകാന്‍ അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേയാണ് ഇവര്‍ക്ക് ഒരു കോവിഡ് ടെസ്റ്റ് ഒഴിവാക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കിയിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഹോളിഡേ ആരംഭിക്കുന്നതിന് മുന്നോടിയായി ഓരോ രാജ്യങ്ങളിലെയും കോവിഡ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ അവയെ റെഡ്, ആംബര്‍, ഗ്രീന്‍ കാറ്റഗറിയില്‍ പെടുത്തി സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രകാരം കുറഞ്ഞ ഭീഷണിയുളള അഥവാ ഗ്രീന്‍ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന ബ്രിട്ടീഷ് ഹോളിഡേ മേക്കര്‍മാര്‍ തിരിച്ച് വരുമ്പോള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല.

ജൂണ്‍ 28ന് ഇതുമായി ബന്ധപ്പെട്ട നയത്തിന് മേല്‍ പുനരവലോകനം ചെയ്യുന്ന വേളയിലായിരിക്കും ഇത്തരത്തില്‍ ഹോളിഡേ മേക്കര്‍മാര്‍ നടത്തേണ്ടുന്ന രണ്ടാം കോവിഡ് ടെസ്റ്റ് ഒഴിവാക്കുന്നതിനെ കുറിച്ച് മിനിസ്റ്റര്‍മാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ ആനുകൂല്യം പൂര്‍ണമായി കോവിഡ് വാക്‌സിനേഷന് വിധേയമായവര്‍ക്ക് മാത്രമാണോ അല്ലെങ്കില്‍ വാക്‌സിനേഷന് വിധേയമാക്കാത്തവര്‍ക്ക് കൂടി ലഭ്യമാക്കുമോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ആംബര്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള പത്ത് ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണ്ടെന്ന് വയ്ക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് ഒഫീഷ്യലുകള്‍ പറയുന്നത്.


Other News in this category4malayalees Recommends