ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ വഞ്ചിച്ച കേസില്‍ പ്രതികള്‍ തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ ; വാങ്ങിക്കൂട്ടിയത് 17 ആഡംബര കാറുകള്‍

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ വഞ്ചിച്ച കേസില്‍ പ്രതികള്‍ തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ ; വാങ്ങിക്കൂട്ടിയത് 17 ആഡംബര കാറുകള്‍
ഗള്‍ഫില്‍ കോവിഡ് വാക്‌സിന്‍ ഡ്യൂട്ടിയെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ വഞ്ചിച്ച കേസില്‍ പ്രതികള്‍ തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി കലൂര്‍ 'ടേക്ക് ഓഫ്' റിക്രൂട്ടിംഗ് ഏജന്‍സിയുടമ ഫിറോസ് ഖാന്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയത് 17 ആഡംബര കാറുകള്‍. നെട്ടൂരിലെ ഗ്യാരേജിലുള്ള വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുക്കും.

ശനിയാഴ്ച പിടിയിലായ മുഖ്യ പ്രതിയും കലൂരിലെ 'ടെയ്ക് ഓഫ്' റിക്രൂട്ടിങ് ഏജന്‍സി ഉടമയുമായ എറണാകുളം നെട്ടൂര്‍ കളരിക്കല്‍ വീട്ടില്‍ ഫിറോസ് ഖാന്‍ (42), ദുബായിയിലെ ഏജന്റും ചേര്‍ത്തല അരൂക്കുറ്റി കൊമ്പനാമുറി പള്ളിക്കല്‍ വീട്ടില്‍ സത്താര്‍ (50) എന്നിവരുടെ അറസ്റ്റ് എറണാകുളം നോര്‍ത്ത് പോലീസ് ഞായറാഴ്ച രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിയായ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.

അറസ്റ്റിലായ പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്ന് നോട്ടെണ്ണുന്ന മെഷീനടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹിയിലേക്ക് കടക്കാനായുള്ള ശ്രമത്തിലായിരുന്ന ഫിറോസ് ഖാനെ കോഴിക്കോട്ടു നിന്ന് പോലീസ് പിടികൂടുകയായിരുന്നു. നെട്ടൂര്‍ സ്വദേശിയായ ഫിറോസ് 2019ലാണ് വിദേശജോലിയുടെ റിക്രൂട്ടിംഗിലേക്ക് തിരിയുന്നത്. ഏതാനും മാസത്തിനകം മരട് പൊലീസില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ എത്തിത്തുടങ്ങി. എന്നിട്ടും തട്ടിപ്പ് തുടര്‍ന്നു.

കോവിഡ് വ്യാപനം കൂടിയതോടെ വീണ്ടും വണ്ടിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഫിറോസ് ഖാനെതിരെ ഇന്നലെ ഒമ്പത് പരാതികള്‍ കൂടി ലഭിച്ചതോടെ ആകെ പരാതികളുടെ എണ്ണം 19 ആയി. അതേസമയം പരാതി നല്‍കിയിട്ടുള്ളവരില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് 94 പേരില്‍നിന്ന് രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് പോലീസിന്റെ കണ്ടെത്തല്‍.

പണം ലഭിക്കാതായതോടെ ദുബായിലെ ഏജന്‍സികള്‍ കൈയൊഴിഞ്ഞു. ഇതോടെ ദുബായ് പൊലീസിന്റെ അറസ്റ്റ് ഭയന്ന് ഗള്‍ഫിലെ ഫിറോസിന്റെ ഏജന്റായിരുന്ന സത്താര്‍ നാട്ടിലേക്ക് തിരിച്ചു. ജോലിയില്ലാതായതോടെ ദുരിതത്തിലായ ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയപ്പോള്‍ ഇരുവരും ഒളിവില്‍ പോയി. വണ്ടിക്കച്ചവടത്തിലൂടെയാണ് ഫിറോസുമായി സത്താര്‍ സൗഹൃദത്തിലാകുന്നത്. പിന്നീട് ഒന്നിച്ച് റിക്രൂട്ടിംഗ് കമ്പനി ആരംഭിക്കുകയായിരുന്നു.

Other News in this category4malayalees Recommends