രണ്ടു കോടിയുടെ ഭൂമി വിറ്റ് മിനിറ്റുകള്‍ക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങി; രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ്

രണ്ടു കോടിയുടെ ഭൂമി വിറ്റ് മിനിറ്റുകള്‍ക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങി; രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച രാമ ക്ഷേത്ര ട്രസ്റ്റാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു.

മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍നിന്ന് 1.208 ഹെക്ര്‍ ഭൂമി രണ്ടു കോടി രൂപക്ക് രണ്ട് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുന്നു. മിനിറ്റുകള്‍ ശേഷം 18.5 കോടി രൂപക്ക് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് അതേ സ്ഥലം വില്‍ക്കുന്നു. 10 മിനിറ്റില്‍ താഴെ സമയവ്യത്യാസത്തില്‍ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വര്‍ധിച്ചതെന്ന് വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ബാബ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. രണ്ട് ഇടപാടുകളിലും അയോധ്യ മേയര്‍ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റി അനില്‍ മിശ്രയുമാണ് സാക്ഷികള്‍. ഇടപാട് നടന്നയുടന്‍ 17 കോടി ബാങ്ക് വഴി കൈമാറുകയും ചെയ്തു. മിനിറ്റുകള്‍ക്കിടെ ഭൂമിയില്‍ എന്ത് സ്വര്‍ണഖനിയാണ് കണ്ടെടുത്തതെന്നും പണം ആര് കൈപ്പറ്റിയെന്നും അന്വേഷിക്കണമെന്നും പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു. ക്ഷേത്രത്തിനായി നീക്കിവെച്ച ഭൂമിയോടു ചേര്‍ന്നുള്ള ഭൂമിയിലാണ് ഇടപാട് നടന്നത്.

Other News in this category



4malayalees Recommends