കൊവാക്‌സിനില്‍ പശുക്കിടാവിന്റെ സെറം ഉള്‍പ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ്! വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്ന് സര്‍ക്കാര്‍; വാക്‌സിന്‍ വിമുഖത വളര്‍ത്തുമോ ഈ വാദങ്ങള്‍?

കൊവാക്‌സിനില്‍ പശുക്കിടാവിന്റെ സെറം ഉള്‍പ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ്! വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്ന് സര്‍ക്കാര്‍; വാക്‌സിന്‍ വിമുഖത വളര്‍ത്തുമോ ഈ വാദങ്ങള്‍?
ഭാരത് ബയോടെക്കും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും ചേര്‍ന്ന് തയ്യാറാക്കിയ കൊറോണാവൈറസിനെതിരായ കൊവാക്‌സിനില്‍ ഉള്‍പ്പെട്ട പദാര്‍ത്ഥത്തെ കുറിച്ച് വിവാദ അവകാശവാദങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാന്ധി. കൊവാക്‌സിനില്‍ നവജാത പശുക്കിടാവിന്റെ സെറം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഒരു വിവരാവകാശ രേഖ പങ്കുവെച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെടുന്നത്.

വിവരാവകാശ അപേക്ഷ പ്രകാരം സെന്‍ഡ്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ നല്‍കിയ മറുപടി മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിലെ ഗൗരവ് പാന്ധി ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്. 'വിവരാവകാശ അപേക്ഷയില്‍ കൊവാക്‌സിനില്‍ നവജാത പശുക്കിടാവിന്റ സെറം ഉപയോഗിക്കുന്നതായി മോദി സര്‍ക്കാര്‍ സമ്മതിക്കുന്നു. 20 ദിവസത്തില്‍ താഴെ പ്രായമായ പശുക്കിടാവിനെ കശാപ്പു ചെയ്ത് കട്ടപിടിക്കുന്ന രക്തത്തിലെ ഭാഗമാണിത്. ഇത് ക്രൂരതയാണ്. ഈ വിവരം നേരത്തെ തന്നെ പൊതുജനങ്ങളെ അറിയിക്കണമായിരുന്നു', ഗൗരി പാന്ധി ട്വിറ്ററില്‍ അവകാശപ്പെട്ടു.

അതേസമയം കൊവാക്‌സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുമ്പോള്‍ വീറോ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നവജാത പശുക്കിടാവിന്റെ സെറം ഉപയോഗിക്കുന്നതായി മാത്രമാണ് ആര്‍ടിഐ മറുപടി. കോണ്‍ഗ്രസ് നേതാവ് എത്രയും പെട്ടെന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് ജെഎന്‍യു പ്രൊഫസര്‍ ആനന്ദ് രംഗനാഥന്‍ ആവശ്യപ്പെട്ടു. കൊവാക്‌സിന്‍ എന്നത് വാക്‌സിനാണെന്നും ഇതില്‍ പശുക്കിടാവിന്റെ സെറം ഉള്‍പ്പെടുന്നില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൂടാതെ ഇതിനായി പശുക്കിടാവിനെ അറുക്കുന്നില്ല. വൈറസിനെ കൂടുതലായി വളര്‍ത്താനാണ് സെറം ഉപയോഗിക്കുന്നത്. ഈ വിവരങ്ങള്‍ 2020 സെപ്റ്റംബര്‍ മുതല്‍ പൊതുവായി ലഭ്യമാണെന്നും പ്രൊഫസര്‍ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ വാക്‌സിന്‍ വിമുഖത കൊണ്ടുവരാനാണ് ശാസ്ത്രീയതയും, ഗവേഷണവും ഉയര്‍ത്തിപ്പിടിച്ചവര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയും വിമര്‍ശിച്ചു.

വീറോ കോശങ്ങള്‍ ഉത്പാദിപ്പിക്കാനും, വളര്‍ത്താനും മാത്രമാണ് പശുക്കിടാവിന്റെ സെറം ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ തന്നെ ഏതെങ്കിലും മൃഗങ്ങളുടെ സെറമാണ് ഇതിനായി ഉപയോഗിക്കുന്നത്. പോളിയോ, പേപ്പട്ടി വിഷബാധ, അതിസാര വാക്‌സിനുകളില്‍ ഇതേ രീതിയാണ് ഉപയോഗിക്കുന്നത്, കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


Other News in this category4malayalees Recommends