കോവിഡ് ബാധിച്ച് അയല്‍വാസി മരിച്ചു ; ഭീതിയില്‍ ഒന്നര വര്‍ഷമായി വീട്ടില്‍ കഴിഞ്ഞ് കുടുംബം ; ഇരുണ്ട മുറിയില്‍ കഴിച്ചു കൂട്ടിയ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി

കോവിഡ് ബാധിച്ച് അയല്‍വാസി മരിച്ചു ; ഭീതിയില്‍ ഒന്നര വര്‍ഷമായി വീട്ടില്‍ കഴിഞ്ഞ് കുടുംബം ; ഇരുണ്ട മുറിയില്‍ കഴിച്ചു കൂട്ടിയ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി
കോവിഡ് മനുഷ്യ ജീവിതത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഭയം മൂലം പലരും വിഷാദത്തിലാണ്. ഇപ്പോഴിതാ കോവിഡ് ബാധിച്ച് അയല്‍വാസി മരണപ്പെട്ടതിന്റെ ആഘാതത്തില്‍ പുറത്തിറങ്ങാതെ ഒരു കുടുംബം വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നരവര്‍ഷമെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ റസോളിലാണ് സംഭവം. കോവിഡ് ഭീതിയെ തുടര്‍ന്ന് അമ്മയും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബം കഴിഞ്ഞ 15 മാസമായി വീടിന് പുറത്തിറങ്ങിയിട്ടില്ല.

അവശ്യ വസ്തുക്കള്‍ വാങ്ങാനായി മാത്രം അച്ഛന്‍ പുറത്തേക്കിറങ്ങാറുണ്ട്. ഒരു ചെറിയ ഇരുണ്ട മുറിയില്‍ അടച്ചിരുന്ന മൂന്ന് സ്ത്രീകളെയും പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. മാസങ്ങളായി വീട്ടിലെ സ്ത്രീകള്‍ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകരാണ് പോലീസില്‍ വിവരം അറിയിച്ചത്.

'കോവിഡ് ഭീതിയെ തുടര്‍ന്ന് മാസങ്ങളായി മൂന്ന് സ്ത്രീകള്‍ ഒരു മുറിയില്‍ അടച്ചിക്കുകയാണെന്നും അവരുടെ പിതാവ് മാത്രമാണ് വീട്ടില്‍ നിന്ന് പുറത്തുപോകുന്നതെന്നും ഞങ്ങള്‍ക്ക് ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വിവരം ലഭിക്കുകയായിരുന്നു,' പോലീസ് ഉദ്യോഗസ്ഥനായ കൃഷ്ണാചാരി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുമായാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ വിഷാദ രോഗാവസ്ഥയിലായിരുന്നു. മൂന്ന് സ്ത്രീകളെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Other News in this category4malayalees Recommends