ശിവന്‍ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്‌സില്‍ കാണിച്ചാല്‍ കുട്ടികള്‍ ഹരം കൊള്ളുമെന്ന് പി.ടി തോമസ്; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ശിവന്‍ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്‌സില്‍ കാണിച്ചാല്‍ കുട്ടികള്‍ ഹരം കൊള്ളുമെന്ന് പി.ടി തോമസ്; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. രാജി വെക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് എം.എല്‍.എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

സുപ്രീം കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സമാധാനിക്കുന്നത് കെ എം മാണിയുടെ ആത്മാവ് ആയിരിക്കുമെന്ന് പിടി തോമസ് സഭയില്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയ്ക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാതൃകആകാന്‍ കഴിയുമോയെന്ന് ചോദിച്ച പിടി തോമസ് ശിവന്‍ കുട്ടി നിയമസഭയില്‍ ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്‌സ് ചാനലില്‍ കാണിച്ചാല്‍ കുട്ടികള്‍ ഹരം കൊള്ളുമെന്നും പരിഹസിച്ചു.

ആശാന്‍ അക്ഷരം ഒന്ന് പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന വാചകം ശിവന്‍കുട്ടിയെ ഉദ്ധരിച്ച് എഴുതിയതാണെന്നും ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകനായി മുഖ്യമന്ത്രി മാറുമെന്നും പി ടി തോമസ് സഭയില്‍ പറഞ്ഞു.

അതേസമയം നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ല. ചില സാഹചര്യങ്ങളില്‍ കേസ് പിന്‍വലിക്കാം. കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതിനിടെ ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിട്ടില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് സഭയില്‍ എത്താതിരുന്നത്. പനിയെ തുടര്‍ന്ന് വി ശിവന്‍കുട്ടിക്ക് സ്പീക്കര്‍ക്ക് അവധി അപേക്ഷ നല്‍കി. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാണ്. അതിനിടെയാണ് അദ്ദേഹം സഭയില്‍ എത്താത്തത് എന്നതും ശ്രദ്ധേയമാണ്.

Other News in this category4malayalees Recommends