ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് രാവിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്, കുട്ടിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ പള്ളക്കൊണ്ട രാജുവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

'ഇത് ആത്മഹത്യയാണെന്ന് തോന്നുന്നു,' ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാന പൊലീസ് ട്വിറ്ററില്‍ ഇയാളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ബലാത്സംഗകൊലപാതക പ്രതിക്ക് ഉണ്ടെന്ന് പറയുന്ന പച്ചകുത്തിയ ചിഹ്നങ്ങള്‍ മരിച്ചയാളുടെ ദേഹത്തും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

'മരിച്ചത് പ്രതി തന്നെയാണെന്ന് കരുതാന്‍ ഞങ്ങള്‍ക്ക് കാരണങ്ങളുണ്ട് – കൈകളില്‍ പച്ചകുത്തിയ അടയാളങ്ങള്‍, കൈയില്‍ പേര് പച്ചകുത്തിയിട്ടുണ്ട്, മുടിയുടെ ശൈലി … വിരലടയാള വിദഗ്ദ്ധന്‍ അത് സ്ഥിരീകരിക്കും,' ഹൈദരാബാദ് പൊലീസ് മേധാവി പറഞ്ഞു.

'പ്രതിയെ എന്‍കൗണ്ടറിലൂടെ കൊല്ലപ്പെടുത്തും' എന്ന തെലങ്കാന മന്ത്രി മല്ല റെഡ്ഡിയുടെ പ്രസ്താവന വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മരണ വാര്‍ത്ത വരുന്നത്. 'ബലാത്സംഗക്കാരനെയും കൊലപാതകിയെയും ഞങ്ങള്‍ പിടികൂടും. പിടികൂടിയതിന് ശേഷം എന്‍കൗണ്ടര്‍ ഉണ്ടാകും,' മല്ല റെഡ്ഡി ചൊവ്വാഴ്ച ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുട്ടിയുടെ അയല്‍വാസിയും 30 കാരനുമായ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുമ്പ് രാജുവിന്റെ വീടിനുള്ളില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു, അതിനുശേഷം ഇയാള്‍ ഒളിവില്‍ പോയി.


Other News in this category4malayalees Recommends