ബിഹാറിലെ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ 900 കോടി ; സംഭവമറിഞ്ഞ് ഞെട്ടി കുടുംബം

ബിഹാറിലെ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ 900 കോടി ; സംഭവമറിഞ്ഞ് ഞെട്ടി കുടുംബം
ബിഹാറിലെ കട്ടിഹാര്‍ ജില്ലയിലുള്ള പാസ്തിയ ഗ്രാമീണര്‍ ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരായ പയ്യന്മാരുടെ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്.

കട്ടിഹാറിലെ ബഗോര പഞ്ചായത്തിലുള്ള പാസ്തിയയിലാണ് അമ്പരപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗുരുചന്ദ്ര വിശ്വാസ്, അശിത് കുമാര്‍ എന്നിവരാണ് ഒറ്റദിനം കോടിപതികളായ ബാലന്മാര്‍. സ്‌കൂള്‍ യൂനിഫോം വാങ്ങാനുള്ള സര്‍ക്കാര്‍ സ്‌കീമിലെ പണം അക്കൗണ്ടിലെത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം അടുത്തുള്ള ഇന്റര്‍നെറ്റ് കഫേയിലെത്തിയതായിരുന്നു രണ്ടുപേരും. ഉത്തര്‍ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു ഇരുവര്‍ക്കും അക്കൗണ്ടുണ്ടായിരുന്നത്. എന്നാല്‍, കഫേയിലെ ജീവനക്കാര്‍ ഇരുവരുടെയും അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും കണ്ണുതള്ളിപ്പോയത്.

ആറാം ക്ലാസുകാരനായ അശിതിന്റെ അക്കൗണ്ടില്‍ 6.2 കോടിയുടെ ബാലന്‍സ്. ഗുരുചരണ്‍ വിശ്വാസിന്റെ അക്കൗണ്ട് കൂടി പരിശോധിച്ചപ്പോഴാണ് ആളുകള്‍ ശരിക്കും പകച്ചുപോയത്. ഗുരുചരണിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 900 കോടി രൂപ! വാര്‍ത്ത കട്ടിഹാര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉദയന്‍ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ രാവിലെ ബാങ്കില്‍ പരിശോധന നടത്തിയിരുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളില്‍ കാണുന്നുണ്ടെങ്കിലും യഥാര്‍ത്ഥ തുക ഇവരുടെ അക്കൗണ്ടുകളിലെത്തിയിട്ടില്ലെന്നും ഉദയന്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സമാനമായൊരു സംഭവം ബിഹാറില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാട്‌ന സ്വദേശിയുടെ അക്കൗണ്ടിലാണ് അബദ്ധത്തില്‍ അഞ്ചു ലക്ഷം രൂപ എത്തിയത്. പണം തിരികെനല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള പണമാണിതെന്നായിരുന്നു വാദം. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends