ബ്രിട്ടന്റെ ക്രിസ്മസ് അനിശ്ചിതാവസ്ഥയില്‍; സമ്മതിച്ച് ബോറിസ് ജോണ്‍സണ്‍; കോവിഡിന് പുറമെ സപ്ലൈ ചെയിന്‍ പ്രതിസന്ധിയും ഒത്തുചേരുമ്പോള്‍ ഭക്ഷ്യക്ഷാമവും, ഇന്ധന പ്രതിസന്ധിയും വന്നുചേരുമെന്ന് ആശങ്ക; എനര്‍ജി ബില്‍ ഉയരും?

ബ്രിട്ടന്റെ ക്രിസ്മസ് അനിശ്ചിതാവസ്ഥയില്‍; സമ്മതിച്ച് ബോറിസ് ജോണ്‍സണ്‍; കോവിഡിന് പുറമെ സപ്ലൈ ചെയിന്‍ പ്രതിസന്ധിയും ഒത്തുചേരുമ്പോള്‍ ഭക്ഷ്യക്ഷാമവും, ഇന്ധന പ്രതിസന്ധിയും വന്നുചേരുമെന്ന് ആശങ്ക; എനര്‍ജി ബില്‍ ഉയരും?

കഴിഞ്ഞ ക്രിസ്മസ് ആഘോഷിക്കാന്‍ ഇരിക്കുമ്പോഴാണ് കോവിഡ് മഹാമാരി വിന്ററിനൊപ്പം ചേര്‍ന്ന് ആഞ്ഞടിച്ചത്. ഇതോടെ അതുവരെ പ്രഖ്യാപിക്കപ്പെട്ട ആഘോഷങ്ങള്‍ പിന്‍വലിച്ച് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അപ്പോഴും ഈ വര്‍ഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഈ വര്‍ഷം ക്രിസ്മസ് കുഴപ്പത്തിലാകില്ലെന്ന് പ്രതീക്ഷിക്കാന്‍ മാത്രമാണ് കഴിയുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നത് സാക്ഷാല്‍ പ്രധാനമന്ത്രിയാണ്!


കോവിഡിന് പുറമെ, സപ്ലൈ ചെയിന്‍ പ്രതിസന്ധിയും കൂടി ഒത്തുചേരുന്നതാണ് ക്രിസ്മസ് ആഘോഷങ്ങളെ അനിശ്ചിതാവസ്ഥയിലാക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചു. കഴിഞ്ഞ തവണ ക്രിസ്മസ് കാലത്ത് സംഭവിച്ചത് പോലുള്ള നടപടികള്‍ ഇക്കുറി നടപ്പാക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ആഘോഷങ്ങള്‍ റദ്ദാക്കാന്‍ പ്ലാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ കാലിയാവുകയും, ആശുപത്രികള്‍ നിറഞ്ഞുകവിയുകയും ചെയ്യുന്ന അവസ്ഥ ഡിസംബറോടെ എത്തിച്ചേരുമെന്ന ഭീതിയുള്ളപ്പോഴാണിത്. സാമ്പത്തിക തിരിച്ചുവരവില്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ഇത് ശരിപ്പെടുത്തണം, ബോറിസ് വ്യക്തമാക്കി. നിലവില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ മൂലം ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയരുമെന്ന ആശങ്കയും ബാക്കിയാണ്.

വരും ദിനങ്ങളില്‍ കൂടുതല്‍ എനര്‍ജി കമ്പനികള്‍ പ്രവര്‍ത്തനം മതിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തകരുന്ന സ്ഥാപനങ്ങളുടെ കസ്റ്റമേഴ്‌സിനെ ഏറ്റെടുക്കാന്‍ വലിയ എനര്‍ജി കമ്പനികള്‍ക്ക് സ്റ്റേറ്റ് പിന്തുണയുള്ള ലോണുകള്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് ബിസിനസ്സ് സെക്രട്ടറി. എന്നാല്‍ സപ്ലൈയറെ സ്വിച്ച് ചെയ്യുമ്പോള്‍ ഉയര്‍ന്ന താരിഫുകളില്‍ ചെന്നുചാടാനുള്ള സാധ്യതയുണ്ട്.

ആഗോള ഗ്യാസ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യം പ്രതിസന്ധി നേരിടുകയാണെങ്കിലും ഭയചകിതരാകേണ്ടെന്ന് ക്വാര്‍ടെംഗ് വ്യക്തമാക്കി. എന്തായാലും അടുത്ത സ്പ്രിംഗ് സീസണില്‍ എനര്‍ജി പ്രൈസ് ക്യാപ് 300 പൗണ്ട് വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.
Other News in this category4malayalees Recommends