ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ ; നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യു.കെയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയും സമാന നിബന്ധന ഏര്‍പ്പെടുത്തും

ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ ; നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യു.കെയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയും സമാന നിബന്ധന ഏര്‍പ്പെടുത്തും
രാജ്യത്തു നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്താലും ക്വാറന്റൈനില്‍ കഴിയണം എന്നതടക്കമുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യമാണ് ഇത്തരം നടപടിയെടുക്കുന്നത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ യു.കെയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയും സമാന നിബന്ധന ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടന്റെ പുതിയ തീരുമാനത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയെ നേരിട്ട് അതൃപ്തി അറിയിച്ചതായും വിദേശകാര്യവകുപ്പ് സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്ല പറഞ്ഞു. ബ്രിട്ടന്റെ നയം ഇന്ത്യന്‍ പൗരന്മാരായ യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ച് ദശലക്ഷം ഡോസ് വാക്‌സിന്‍ യു.കെയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യ സംവിധാനം ഉപയോഗിച്ചിട്ടുമുണ്ട്. കോവിഷീല്‍ഡിന് അംഗീകാരം നല്‍കാത്തത് തീര്‍ത്തും വിവേചനപരമാണ്. യു.കെ അധികൃതര്‍ക്ക് മുന്നില്‍ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. വിഷയം എത്രയും വേഗം പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യക്ക് പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ, തുര്‍ക്കി, ജോര്‍ഡന്‍, തായ്‌ലന്‍ഡ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും യു.കെയില്‍ 10 ദിവസം ക്വാറന്റൈന്‍ ബാധകമാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും അവരെ വാക്‌സിന്‍ എടുക്കാത്തവരായി കണക്കാക്കും.

ഇത്തരക്കാര്‍ ബ്രിട്ടനിലേക്ക് പോകുന്നതിന് മുമ്പായി കോവിഡ് പരിശോധന നടത്തണം. കൂടാതെ യാത്രയുടെ 48 മണിക്കൂറിന് മുമ്പ് പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിക്കണം. യു.കെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റൈനിലിരിക്കണം. ഇതിനിടയില്‍ രണ്ടാം ദിവസവും എട്ടാം ദിവസമോ അതിനു ശേഷമോ കോവിഡ് ടെസ്റ്റ് നടത്തണം. ഇതിനായി യു.കെയിലേക്ക് വരുന്നതിനു മുമ്പു തന്നെ ബുക്ക് ചെയ്ത് പണമടച്ചിരിക്കണം.



Other News in this category



4malayalees Recommends