ഇപ്പോള്‍ അതൊക്കെ തമാശയായി തോന്നുമെങ്കിലും ഒരുപാട് അവഹേളനങ്ങള്‍ അക്കാലത്ത് നേരിട്ടിരുന്നു ; സലിം കുമാര്‍

ഇപ്പോള്‍ അതൊക്കെ തമാശയായി തോന്നുമെങ്കിലും ഒരുപാട് അവഹേളനങ്ങള്‍ അക്കാലത്ത് നേരിട്ടിരുന്നു ; സലിം കുമാര്‍
മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം സ്ഥിരമായി കേട്ടു കൊണ്ടിരുന്ന കാലത്തെ കുറിച്ച് സലിം കുമാര്‍. അന്ന് മിമിക്രി താരമായിരുന്ന ജയറാമിനെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന വരെ പലരും ചോദിച്ചിട്ടുണ്ടെന്ന് സലിം കുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

മിമിക്രി ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ആ സമയത്താണ് പത്മരാജന്റെ പടത്തില്‍ ഹീറോ ആവാന്‍ ജയറാം എന്ന ആള്‍ക്ക് അവസരം കിട്ടുന്നത്. താന്‍ നാടക ട്രൂപ്പിന്റെ കൂടെ മിമിക്രി ചെയ്തു കൊണ്ടിരിക്കുന്ന സമയം. അവിടെ കുറച്ച് ബുദ്ധിജീവികളുണ്ട്.

പത്മരാജനെന്താ ഭ്രാന്തുണ്ടോ ഈ മിമിക്രിക്കാരെയൊക്കെ വിളിച്ച് നായകനാക്കാന്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്. ജയറാമേട്ടനെ ആ സമയത്ത് പരിചയം പോലുമില്ല. എന്നിട്ട് പോലും താന്‍ അമ്പലത്തില്‍ പോയി ജയറാമേട്ടന് വേണ്ടി വഴിപാട് കഴിച്ചു. അപരന്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ കൈയില്‍ ബീഡി വാങ്ങാന്‍ പോലും കാശില്ല.

എന്നിട്ടും പറവൂരില്‍ നിന്ന് ട്രക്കര്‍ വിളിച്ച് പത്തിലേറെ കൂട്ടുകാരെയും കൊണ്ടുപോയി സിനിമ കണ്ടു. ഒരു തരത്തില്‍ അതൊരു പ്രതികാരമായിരുന്നു. ഹീറോ ആയിട്ട് വന്ന മിമിക്രിക്കാരന്‍ രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ഇപ്പോള്‍ അതൊക്കെ തമാശയായി തോന്നുമെങ്കിലും ഒരുപാട് അവഹേളനങ്ങള്‍ അക്കാലത്ത് നേരിട്ടിരുന്നു.

ഇന്നും ഒരു മിമിക്രിക്കാരനെ അംഗീകരിക്കാന്‍ പലര്‍ക്കും ശരിക്കും വിഷമമുണ്ട്. അടുത്തിടെ തന്നോട് ഒരാള്‍ ചോദിച്ചതാണ് 'നാഷണല്‍ അവാര്‍ഡ് കിട്ടണമെങ്കില്‍ മിമിക്രി പഠിക്കണോ' എന്ന്. ഇപ്പോള്‍ ആ ലെവല്‍ വരെയെത്തി. അത് ആ കലയുടെ മഹത്വം തന്നെയാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്.
Other News in this category4malayalees Recommends