കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും ; രാഹുല്‍ഗാന്ധി പാര്‍ട്ടി അംഗത്വം നല്‍കും ; യുവാക്കളെ ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ്

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും ; രാഹുല്‍ഗാന്ധി പാര്‍ട്ടി അംഗത്വം നല്‍കും ; യുവാക്കളെ ആകര്‍ഷിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ്
സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയാകും ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കുക. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍

കനയ്യയുടെയും ജിഗ്‌നേഷിന്റെയും അനുയായികളും കോണ്‍ഗ്രസില്‍ ചേരും. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത നേരത്തെ സിപിഐ നിഷേധിച്ചിരുന്നു. കനയ്യയെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ തന്നെ നിര്‍ത്താന്‍ സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായിരുന്നു. എന്നാല്‍ കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്ന് ഉറപ്പായി. ഭഗത് സിങിന്റെ ജന്മദിനമായ ഇന്ന് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ കനയ്യയും ജിഗ്‌നേഷും തീരുമാനിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളില്‍ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെഗുസെരായ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കനയ്യ പരാജയപ്പെട്ടു. ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിനാണ് പരാജയപ്പെട്ടത്.

ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ജിഗ്‌നേഷ് മേവാനി. രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച്(ആര്‍ഡിഎഎം) നേതാവുമാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന ഘടകം വര്‍ക്കിങ് പ്രസിഡന്റ് പദവി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.


Other News in this category4malayalees Recommends