മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന ദൈനംദിന ഇന്‍ഫെക്ഷന്‍ രേഖപ്പെടുത്തി ബ്രിട്ടന്‍; വിന്റര്‍ അടുത്ത് വരുമ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തലവേദന; 30% കുതിച്ച് 45,140 പുതിയ രോഗികള്‍; ഒരാഴ്ച കൊണ്ട് മരണങ്ങളില്‍ 61% ഇടിവ്

മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന ദൈനംദിന ഇന്‍ഫെക്ഷന്‍ രേഖപ്പെടുത്തി ബ്രിട്ടന്‍; വിന്റര്‍ അടുത്ത് വരുമ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തലവേദന; 30% കുതിച്ച് 45,140 പുതിയ രോഗികള്‍; ഒരാഴ്ച കൊണ്ട് മരണങ്ങളില്‍ 61% ഇടിവ്

ബ്രിട്ടന്റെ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നതായി ആശങ്ക. 45,140 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെയാണ് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നത്. ജൂലൈ മധ്യത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന ദൈനംദിന കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


കഴിഞ്ഞ ആഴ്ചയിലെ കണക്കുകളില്‍ നിന്നും കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനവാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തിയത്. അതേസമയം മരണങ്ങളില്‍ 61 ശതമാനം കുറവും വന്നിട്ടുണ്ട്. 57 പേരാണ് ഒടുവിലായി വൈറസ് ബാധിച്ച് മരണമടഞ്ഞത്. ആശുപത്രി അഡ്മിഷനുകൡ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 12 ശതമാനം വര്‍ദ്ധനവുണ്ട്. ചൊവ്വാഴ്ച 915 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഇതിനിടെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതി ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്ക്-ഇന്‍ വാക്‌സിന്‍ ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിമാരെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ പദ്ധതി തുടങ്ങാന്‍ ഏറെ കാലതാമസം നേരിടുന്നതായുള്ള പരാതികള്‍ക്കിടെയാണ് 12 മുതല്‍ 15 വരെ പ്രായത്തിലുള്ളവര്‍ക്കായി വാക്‌സിനേഷന്‍ സ്‌കീം വരുന്നത്.

പുതിയ ക്ലിനിക്കുകള്‍ വരുന്നതോടെ സ്‌കൂള്‍ ഗേറ്റുകളില്‍ നിന്നും വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാരെ തുരത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയും 20 വയസ്സില്‍ താഴെയുള്ളവരെയാണ് ബാധിക്കുന്നത്. ഈ ഘട്ടത്തില്‍ കൗമാരക്കാരിലെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മാസം ആദ്യം സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ പുതിയ കേസുകളില്‍ 33 ശതമാനവും ആ പ്രായത്തില്‍ പെട്ടവരിലായിരുന്നു. എന്നാല്‍ ഈ മാസം രണ്ടാം ആഴ്ചയില്‍ എത്തിയതോടെ ഈ നിരക്ക് 46 ശതമാനത്തിലേക്ക് ഉയര്‍ന്നു. 20കളില്‍ താഴെ പ്രായത്തിലുള്ളവരിലെ ഇന്‍ഫെക്ഷനില്‍ ഭൂരിഭാഗവും കൗമാരക്കാരിലാണ്.

ശനിയാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം 3.3 മില്ല്യണിലേറെ ബൂസ്റ്റര്‍ ഡോസുകളാണ് ഇംഗ്ലണ്ടില്‍ നല്‍കിയത്. യുകെയില്‍ 49.4 മില്ല്യണ്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസും, 45.3 മില്ല്യണിലേറെ പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്.
Other News in this category4malayalees Recommends