മരക്കാര്‍ ഒ ടി ടി റിലീസിന്? ;തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കില്ല, അങ്ങനെ ചെയ്താല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആ കമ്പനി പുറത്താകും: ലിബര്‍ട്ടി ബഷീര്‍

മരക്കാര്‍ ഒ ടി ടി റിലീസിന്? ;തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കില്ല, അങ്ങനെ ചെയ്താല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആ കമ്പനി പുറത്താകും: ലിബര്‍ട്ടി ബഷീര്‍
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ ഒ ടി ടി റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.റിലീസുമായി ബന്ധപ്പെട്ട് ആമസോണുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.മുംബൈയില്‍വച്ച് ആമസോണ്‍ പ്രതിനിധികള്‍ സിനിമ കണ്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിയേറ്ററിലേ സിനിമ റിലീസ് ചെയ്യുകയുള്ളൂവെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തിയേറ്ററുകള്‍ തുറന്നാലും അന്‍പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒ ടി ടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. ക്രിസ്മസിന് സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.

തിയേറ്റര്‍ ഉടമകള്‍ തീരുമാനം അംഗീകരിക്കില്ലെന്ന് നിര്‍മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. 'മോഹന്‍ലാലിന്റെ കഴിഞ്ഞ പടം ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴെ നിരാശയായിരുന്നു. നാല്‍പത് കോടിയോളം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ട്, അവര്‍ക്കങ്ങനെ പെട്ടെന്ന് കൊടുക്കാന്‍ പറ്റില്ല. എഗ്രിമെന്റ് വെച്ച് അഡ്വാന്‍സ് വാങ്ങിയതാണ്. ചേംബറില്‍ അവര്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ചേംബറിലെ പുതിയ നിയമം എന്താണെന്ന് വച്ചാല്‍ തിയേറ്റര്‍ ഉടമകള്‍ക്കോ, വിതരണക്കാര്‍ക്കോ ആര്‍ക്ക് ബാദ്ധ്യതയുണ്ടെങ്കിലും ആ പടം പുറത്ത് കൊടുക്കാന്‍ പാടില്ല.

അങ്ങനെ ചെയ്താല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ആ കമ്പനി പുറത്താകും. ചേംബറും എല്ലാവരും കൂടെ തിയേറ്ററുകാരെ വഞ്ചിച്ചാല്‍ നമുക്ക് നിസഹായരായി നില്‍ക്കാനേ പറ്റൂ. ആ സിനിമ തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്നാണ് പ്രിയദര്‍ശന്. ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും കൊടുക്കണമെന്ന് ഉദ്ദേശമുണ്ടെങ്കിലും സംവിധായകന്‍ അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്റെ വിശ്വാസമാണ് അത്.' ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.Other News in this category4malayalees Recommends