ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു ; ശക്തമായ തെളിവുണ്ട് ; നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്

ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നു ; ശക്തമായ തെളിവുണ്ട് ; നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചത്. സരിത്താണ് കേസില്‍ ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കേസില്‍ 29ാം പ്രതിയാണ്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളില്‍ നിന്നും എം.ശിവശങ്കറിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ മറ്റേതെങ്കിലും തരത്തില്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താന്‍ കസ്റ്റംസിനായിട്ടില്ല.

കെ.ടി.റമീസായിരുന്നു സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത് റമീസും സന്ദീപുമാണ്. കോഴിക്കോട്ടും മലപ്പുറത്തുള്ള പ്രതികളാണ് സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചത്. 2019 ജൂണിലാണ് ഇത്തരത്തില്‍ പ്രതികള്‍ ആദ്യമായി സ്വര്‍ണക്കടത്ത് നടത്തിയത്. ഇക്കാര്യം ശിവശങ്കറിന് അറിയില്ലായിരുന്നു. പിന്നീട് 21 തവണയായി 169 കിലോ സ്വര്‍ണമാണ് പ്രതികള്‍ കടത്തിയത്. ഈ കാലയളവിലാണ് ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയുന്നതെന്ന് കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. കടത്തിക്കൊണ്ടുവന്നിരുന്ന സ്വര്‍ണം ഉരുപ്പടികളാക്കി വിവിധ ജ്വല്ലറികളിലേക്ക് നല്‍കിയതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

Other News in this category4malayalees Recommends