സീറോ മലബാര്‍ ഇടവകയായി ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവായലയം

സീറോ മലബാര്‍ ഇടവകയായി ലീഡ്‌സ് സെന്റ്   മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവായലയം
ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയം . ലീഡ്‌സിലെയും , സമീപപ്രദേശങ്ങളിലെയും സീറോ മലബാര്‍ വിശ്വാസികള്‍ കാലങ്ങളായി പ്രാര്‍ത്ഥനാപൂര്‍വം കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും , ഉത്ഘാടനവും ലീഡ്‌സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്കിന്റെ സാനിധ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു .

'സീറോ മലബാര്‍ സഭ ഈ ദേവാലയത്തിലേക്ക് വിശ്വാസത്തിന്റെ ജീവന്‍ തിരികെ കൊണ്ടുവന്നുവെന്നും ,ലീഡ്‌സിലും സമീപ പ്രദേശങ്ങള്‍ക്കും ,പ്രാദേശിക സമൂഹത്തിനും നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം , വീണ്ടും ജ്വലിപ്പിക്കുവാന്‍ ഈ ഇടവക പ്രഖ്യാപനവും അനുദിനമുള്ള തിരുക്കര്‍മ്മങ്ങളും ഇടയാക്കുമെന്നും ലീഡ്‌സ് രൂപതാധ്യക്ഷന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്ക് ഇടവക പ്രഖ്യാപനത്തിനുശേഷം നടത്തിയ ആശംസ പ്രസംഗത്തില്‍ പറഞ്ഞു . തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു .'എത്ര അസാദ്ധ്യമായ ഒരു കാര്യമാണെങ്കിലും അസാധ്യമായ സാഹചര്യമാണെങ്കിലും ദൈവം പറഞ്ഞാല്‍ അത് സാധ്യമാകും , രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഇടവക വര്‍ഷത്തിന്റെ ആരംഭത്തില്‍ ആദ്യദിനം തന്നെ ലീഡ്‌സിലെ ദേവാലയം ഇടവകയായി ഉയര്‍ത്തുവാന്‍ കഴിഞ്ഞത് വലിയ ദൈവ കരുണയുടെയും , അഭിഷേകത്തിന്റെയും ,കൃപയുടെയും ഫലമാണ് , മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .' പള്ളിയില്‍ വന്നതുകൊണ്ട് അന്ത്യവിധിക്കുശേഷമുള്ള സഭയില്‍ നമ്മള്‍ ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല , അന്ത്യവിധിക്കുശേഷമുള്ള സഭയില്‍ ഉണ്ടാകുവാന്‍ വേണ്ടി നാം പ്രാധാന്യം കൊടുക്കണം ,ലോകത്തിന്റെ ഹിതപ്രകാരമല്ലാതെ ദൈവഹിതപ്രകാരം , ദൈവവ വചനമനുസരിച്ച് ജീവിക്കണം . ജീവിതകാലം മുഴുവനും , മനസും , ശരീരവും ,മുഴുവനായും ദൈവത്തിനായി നല്‍കണം , തന്നെത്തന്നെ നല്‍കാതെ അധരവ്യായാമം നല്‍കിയത് കൊണ്ട് കാര്യമില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നല്‍കിയ റെവ. ഫാ. ജോസഫ് പൊന്നേത്ത് അച്ചനെയും , ഇടവകയിലേക്കുള്ള യാത്രയില്‍ കഠിനാധ്വാനം ചെയ്ത റെവ.ഫാ. മാത്യു മുളയോലില്‍ അച്ചനെയും , കമ്മറ്റി അംഗങ്ങളെയും അഭിവന്ദ്യ പിതാവ് അനുമോദിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു ,രൂപതാ വികാരി ജെനെറല്‍ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് .ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു .പ്രെസ്റ്റന്‍ റീജിയന്‍ ഡയറക്ടര്‍ ,റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ .റെവ. ഫാ. ജോ മൂലശ്ശേരില്‍ വി.സി. ഫാ. ജോസഫ് കിഴക്കര കാട്ട്,ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍ ,സന്യസ്തര്‍ അല്മായ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു , വികാരി റെവ. ഫാ. മാത്യു മുളയോലില്‍ സ്വാഗതവും , കൈക്കാരന്‍ ജോജി തോമസ് നന്ദിയും അര്‍പ്പിച്ചു . ഇടവകയുടെ സ്ഥാപനത്തിനായി തുടക്കം മുതല്‍ നേതൃത്വം നലകിയവരെ മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു .ഇടവകയിലെ കൈക്കാരന്‍മാര്‍ , വിവിധ ഭക്തസംഘടന ഭാരവാഹികള്‍ , പാരിഷ് കൗണ്‍സില്‍ മെംബേര്‍സ് , കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

ഷൈമോന്‍ തോട്ടുങ്കല്‍

Other News in this category4malayalees Recommends