മസ്കത്തിന്‍െറ സ്നേഹത്തില്‍ മനം നിറഞ്ഞ് താഹിര്‍ അബൂദ്; അടുത്ത ലക്ഷ്യം സലാല

മസ്കത്തിന്‍െറ സ്നേഹത്തില്‍ മനം നിറഞ്ഞ് താഹിര്‍ അബൂദ്; അടുത്ത ലക്ഷ്യം സലാല

മത്ര: കാല്‍നടയായി ഹജ്ജിന് പോകുന്ന ഓസ്ട്രിയന്‍ തീര്‍ഥാടകന്‍ താഹിര്‍ അബൂദ് മസ്കത്തില്‍നിന്ന് സലാലയിലേക്ക് പുറപ്പെട്ടു. മസ്കത്തിലും മത്രയിലും അഭ്യുദയകാംക്ഷികള്‍ ഒരുക്കിയ സ്വീകരണങ്ങളിലും താമസ,ഭക്ഷണ സൗകര്യങ്ങളിലും മനം നിറഞ്ഞാണ് ഇദ്ദേഹം തന്‍െറ ലക്ഷ്യത്തിലേക്ക് യാത്ര തുടര്‍ന്നത്.


തീരദേശ റോഡ് വഴി ഖുറിയാത്തില്‍ എത്തിയ ശേഷം സൂര്‍, മസീറ ഐലന്‍ഡ് എന്നിവിടങ്ങള്‍ നടന്നുചുറ്റിയ ശേഷമാകും ഇദ്ദേഹം സലാലയിലേക്ക് തിരിക്കുക. സൗദി അറേബ്യ നടന്ന് മുറിച്ചുകടക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ സലാലയില്‍നിന്ന് വിമാനത്തില്‍ ഇദ്ദേഹം ജിദ്ദയിലത്തെും.

തുടര്‍ന്ന് നടന്ന് മക്കയും മദീനയും സന്ദര്‍ശിച്ച ശേഷമാകും നാട്ടിലേക്കുള്ള മടക്കം. താന്‍ ഏറെ സ്നേഹിക്കുന്ന സഹോദരിക്ക് കാന്‍സര്‍ ബാധയുണ്ടായതിനെ തുടര്‍ന്നാണ് രോഗശാന്തിക്കായി പ്രാര്‍ഥിച്ച് ഇദ്ദേഹം കാല്‍നടയായി ഹജ്ജിന് പോകാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് ഓസ്ട്രിയയിലെ വീട്ടില്‍നിന്ന് ഇദ്ദേഹം യാത്രതിരിച്ചത്. 11 മാസങ്ങള്‍ക്കുള്ളില്‍ ഏഴായിരത്തോളം കിലോമീറ്ററാണ് ഇദ്ദേഹം നടന്നുപിന്നിട്ടത്.

ഇദ്ദേഹത്തിന് മത്ര പൗരാവലി ഞായറാഴ്ച സ്വീകരണം ഒരുക്കി. മത്ര കെ.എം.സി.സി പ്രവര്‍ത്തകരാണ് താമസ, ഭക്ഷണ സൗകര്യങ്ങളൊരുക്കിയത്.
Other News in this category4malayalees Recommends