ജൂലൈയിലെ കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കിയ്ക്ക് ചരിത്ര നേട്ടം

ജൂലൈയിലെ കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കിയ്ക്ക് ചരിത്ര നേട്ടം
ജൂലൈയിലെ കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ചരിത്ര നേട്ടം. 1,25,778 യൂണിറ്റെന്ന ആഭ്യന്തര വിപണിയില്‍ കമ്പനി നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് കമ്പനി ജൂലൈയില്‍ കൈവരിച്ചത്. 2015 ജൂലൈയില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 1,10,405 കാറുകളെ അപേക്ഷിച്ച് 13.9% അധികമാണിത്. കയറ്റുമതി കൂടി പരിഗണിച്ചാല്‍ 1,37,116 കാറുകളാണു മാരുതി സുസുക്കി ഇന്ത്യ ജൂലൈയില്‍ വിറ്റത്. 2015 ജൂലൈയിലെ മൊത്തം വില്‍പ്പനയായ 1,21,712 യൂണിറ്റിനെ അപേക്ഷിച്ച് 12.7% അധികമാണിത്.

എന്നാല്‍ ചെറുകാര്‍ വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന ഇടിഞ്ഞെന്നാണു കണക്കുകള്‍ നല്‍കുന്ന സൂചന. ഓള്‍ട്ടോ, വാഗന്‍ ആര്‍ എന്നിവ ഉള്‍പ്പെടുന്ന മിനി വിഭാഗത്തില്‍ 2015 ജൂലൈയില്‍ 37,752 കാര്‍ വിറ്റത് കഴിഞ്ഞ മാസം 35,051 ആയി ഇടിഞ്ഞു. അതായത് 7.2% ന്റെ കുറവ്. അതേസമയം, സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്‌സ്, ഡിസയര്‍, ബലേനോ എന്നിവയുടെ വില്‍പ്പനയില്‍ 4.1% വളര്‍ച്ച രേഖപ്പെടുത്തി. 2015 ജൂലൈയില്‍ ഇത്തരം 48,381 കാര്‍ വിറ്റത് കഴിഞ്ഞ മാസം 50,362 ആയാണ് ഉയര്‍ന്നത്. ടാക്‌സി വിഭാഗത്തില്‍ ഇടംപിടിക്കുന്ന ഡിസയര്‍ ടൂര്‍ വില്‍പ്പനയിലും 9.2% ഇടിവു നേരിട്ടു. 2015 ജൂലൈയില്‍ ഇത്തരം 3,370 കാര്‍ വിറ്റതു കഴിഞ്ഞ മാസം 3,059 ആയാണു കുറഞ്ഞത്. എന്നാല്‍ ഇടത്തരം സെഡാനായ സിയാസ് മാരുതി സുസുക്കിക്കു നേട്ടം സമ്മാനിച്ചു; 2015 ജൂലൈയെ അപേക്ഷിച്ച് ഇരട്ടിയോളം വര്‍ധിച്ച് 5,162 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വില്‍പ്പന.

Other News in this category4malayalees Recommends