ശൈത്യം കൂടിയതോടെ യുകെയില്‍ പലയിടത്തും ഗതാഗത പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇന്നലെ ലിവര്‍പൂളില്‍നിന്ന് ബെല്‍ഫാസ്റ്റിലേക്ക് പോകുന്ന വിമാനം റദ്ദാക്കിയതോടെ ലിവര്‍പൂള്‍ വിമാനത്തില്‍ 156 യാത്രക്കാരാണ് കുടുങ്ങിയത്. ഈസി ജെറ്റ് വിമാനമാണ് മോശം കാലാവസ്ഥ മൂലം റദ്ദാക്കിയത്. ടെര്‍മിനലില്‍ തണുത്ത കാറ്റില്‍ വിഷമിച്ച് കഴിച്ചുകൂട്ടുകയായിരുന്നു പലരും. വിമാനത്താവളത്തില്‍ ചെക്കിങ് ഉള്‍പ്പെടെ വൈകുന്നതായും മണിക്കൂറുകള്‍ ബുദ്ധിമുട്ടുന്നതായും പലരും പറയുന്നു. ഇതിന് ശേഷം വിമാനം റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
മഞ്ഞുവീഴ്ച രൂക്ഷമായതോടെ പലയിടത്തും ഗതാഗതം താറുമാറായി. പബ്ബില്‍ മൂന്നു ദിവസമായി കുടുങ്ങിയവരെ രക്ഷിക്കാനും ശ്രമം നടക്കുകയാണ്. ഭക്ഷണം നല്‍കുകയും വിനോദ പരിപാടികള്‍ നടത്തി പബ്ബ് അധികൃതര്‍ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അകപ്പെട്ടവര്‍ നിരാശയില്‍ തന്നെയാണ്.
നൂറു മൈല്‍ വേഗത്തില്‍ കൊടുങ്കാറ്റ് വീശിയതോടെ മൂന്നു ജീവനുകളാണ് നഷ്ടമായത്. പല കെട്ടിടങ്ങളും നശിച്ചു. റോഡ് റെയില്‍ ഗതാഗതം താറുമാറായി.തണുത്ത കാറ്റ് വീശുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡുകളില്‍ അപകടം വര്‍ദ്ധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം.
സ്കോട്ലന്‍ഡിലും വെയില്‍സിലും വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. യോര്‍ക്ക്ഷെയറിലും ലിങ്കണ് ഷെയറിലും ഉള്‍പ്പെടെ പതിനായിരക്കണക്കിന് വീടുകളില്‍ മൂന്നു ദിവസമായി വൈദ്യുതി നിലച്ചു. ട്രെയ്ന്‍ ഗതാഗതം റദ്ദാക്കുന്നതും പലയിടത്തും പ്രശ്നമുണ്ടാക്കുന്നുണ്ട്. സാധാരണ ജീവിതത്തെ രൂക്ഷമായി ബാധിച്ചുകഴിഞ്ഞുപലയിടത്തും മഞ്ഞുവീഴ്ചയെന്നാണ് റിപ്പോര്‍ട്ട്.