തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഡബ്ലഌു.പി.എസ്. തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുന്നുവെന്ന് വിലയിരുത്തല്‍

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഡബ്ലഌു.പി.എസ്. തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുന്നുവെന്ന് വിലയിരുത്തല്‍
ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വേതന സംരക്ഷണ സംവിധാനം (ഡബഌു.പി.എസ്.) സഹായകരമെന്ന് അധികൃതര്‍. തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതില്‍ ഡബഌു.പി.എസ്. വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ പരിശോധനാ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍മീര്‍ പറഞ്ഞു. പരിശോധനാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്പനികളെ നിരീക്ഷിക്കാനും തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡബഌു.പി.എസിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതിരുന്നാല്‍ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാന്‍ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ നിയമം അനുമതി നല്‍കുന്നുണ്ട്. വേതനം കൃത്യസമയത്ത് ലഭിക്കാതിരുന്നാല്‍ തൊഴിലാളികള്‍ക്ക് ഇക്കാര്യം സന്ദേശത്തിലൂടെ മന്ത്രാലയത്തെ അറിയിക്കാം.

തൊഴിലുടമ രോഗാവസ്ഥയിലായാല്‍ അല്ലെങ്കില്‍ യാത്രയിലാണെങ്കില്‍ അതുമല്ലെങ്കില്‍ മറ്റ് കാരണങ്ങളാല്‍ തൊഴിലുടമകള്‍ വേതനത്തില്‍ കാലതാമസം വരുത്താറുണ്ട്. എന്നാല്‍ ഇവയൊന്നും നിയമലംഘനത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ വേതനത്തില്‍ കാലതാമസം വരുത്തുന്ന തൊഴിലുടമകള്‍ ഡബഌു.പി.എസ്. പാലിക്കുന്നതുവരെ കമ്പനി ലൈസന്‍സ്, ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ റദ്ദാക്കും. അടിയന്തര സാഹചര്യങ്ങളിലും യഥാസമയം തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുള്ള നിശ്ചിത തുക തൊഴിലുടമകള്‍ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രതിമാസാടിസ്ഥാനത്തില്‍ കമ്പനികളെ നിരീക്ഷിക്കാന്‍ ഡബഌു.പി.എസ്. സംവിധാനത്തിലൂടെ വേഗത്തില്‍ സാധിക്കുന്നുണ്ട്. രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ നിര്‍ബന്ധമായും ഡബഌു.പി.എസ്. നടപ്പാക്കിയിരിക്കണമെന്നും ഖത്തര്‍ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ മീര്‍ പറഞ്ഞു. ഡബഌു.പി.എസിന്റെ കീഴില്‍ കമ്പനികള്‍ക്കും പ്രയോജനകരമാണ്. കമ്പനികളുടെ എല്ലാ വേതനനടപടികളും രേഖപ്പെടുത്താന്‍ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പങ്കാളിത്തത്തോടെ രാജ്യത്തെ പ്രവാസികളുടെ വേതനം നിശ്ചിത സമയങ്ങളില്‍ ഉറപ്പാക്കുന്നതിനായാണ് ഡബഌു.പി.എസ്. എന്ന ഏകീകൃത ഇലക്ട്രോണിക് സംവിധാനം നടപ്പാക്കിയത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലുള്ള രാജ്യത്തിന്റെ സൂക്ഷ്മതയെയാണ് ഡബഌു.പി.എസിലൂടെ പ്രതിഫലിക്കുന്നത്. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കാന്‍ ശ്രദ്ധേയമായ തൊഴില്‍ പരിഷ്‌കരണങ്ങളാണ് രാജ്യം നടപ്പാക്കുന്നത്.
Other News in this category4malayalees Recommends