കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും

കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും
കാന്‍ബറ: കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനുഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങള്‍. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അല്‍ഫോന്‍സാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81 മില്യണ്‍ ഡോളര്‍ (ഏകദേശം 20 കോടി രൂപ) നല്‍കിയാണ് ഇടവക സ്ഥലവും കെട്ടിടവും സ്വന്തമാക്കിയത്.

കാന്‍ബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 150 നരബന്ധ ലെയിന്‍, സിമോണ്സ്റ്റന്‍, എ. സി. ടി - 2609 എന്ന സ്ഥലമാണ് ഇടവക സ്വന്തമാക്കിയത്. ഏഴര ഏക്കര്‍ (3 . 1 ഹെക്ടര്‍ ) സ്ഥലവും 1271 സ്‌ക്യുയര്‍ മീറ്റര്‍ വലിപ്പമുള്ള കെട്ടിടവും ഉള്‍ക്കൊള്ളുന്നതാണിത്. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനും മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായും ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ഥലമാണിത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ ഗവണ്മെന്റ് വക സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും പൊതു ലേലത്തിലൂടെയാണ് ഇടവക സ്വന്തമാക്കിയത്. പാര്‌ലമെന്റിന്റെയും എയര്‍പോര്‍ട്ടിന്റെയും പത്തു കിലോമീറ്ററിനുള്ളില്‍ വരുന്ന ഇവിടേയ്ക്ക് കാന്‍ബറയില്‍ എവിടെനിന്നും എളുപ്പത്തില്‍ എത്തിച്ചേരാം.

വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ബിജു പുലിക്കാട്ട്, ബെന്നി കണ്ണമ്പുഴ, ടോമി സ്റ്റീഫന്‍, പള്ളി നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സുജി മാത്യു, രൂപത ധനകാര്യ കമ്മിറ്റി അംഗം സെബാസ്റ്റ്യന്‍ മാത്യു (മെജോ ) എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നാകെ നടത്തിയ പ്രവര്‍ത്തങ്ങളാണ് ഫലവത്തായത്. മെല്‍ബണ്‍ രൂപതയുടെ കീഴില്‍ ഒരു ഇടവക വാങ്ങുന്ന ഏറ്റവും വിലകൂടിയ വസ്തുവാണിത്.

2006 -ല്‍ കാന്‍ബറയില്‍ തുടക്കം കുറിച്ച സീറോ മലബാര്‍ സമൂഹം ഇടവക തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതു 2015 ഒക്ടോബര്‍ നാലിനാണ്. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലാണ് ഇടവക. നിലവില്‍ ഒകോണര്‍ സെന്റ്. ജോസഫ് പള്ളിയാണ് ഇടവക ദേവാലയമായി ഉപയോഗിക്കുന്നത്. ഇടവക സമൂഹത്തിനു മുന്‍കാലങ്ങളില്‍ നേതൃത നല്‍കിയിരുന്ന മോണ്‍സിഞ്ഞോര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ . വര്‍ഗീസ് വാവോലില്‍ എന്നിവര്‍ തുടങ്ങിവച്ച സ്വന്തമായ ഇടവക ദേവാലയം എന്ന ആശയം ഫാ . മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പള്ളി കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തനംവഴി ഫലമണിയുകയായിരുന്നു.

സ്ഥലം വാങ്ങുന്നതിനു മുന്നോടിയായി ഇടവകയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും, വി. കുര്‍ബാനയും, നൊവേനയും നടന്നു വരികയായിരുന്നു. സ്ഥലം സ്വന്തമായതിനുശേഷം നടന്ന കൃതജ്ഞതാ ബലിയില്‍ ഇടവക സമൂഹം ദൈവത്തിനു നന്ദി പറഞ്ഞു . ഈ ചരിത്ര നേട്ടത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും നാള്‍വഴികളില്‍ പ്രാര്‍ത്ഥിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ നന്ദി അറിയിച്ചു.ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സ്വന്തം സ്ഥലവും കെട്ടിടവും എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രൂപതാധ്യക്ഷന്‍ മാര്‍. ബോസ്‌കോ പുത്തൂര്‍, വികാര ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ എന്നിവരെ ഇടവക സമൂഹം നന്ദി അറിയിച്ചു.

സ്വന്തം സ്ഥലവും ദേവാലയും എന്ന ആഗ്രഹത്തിനായി പ്രവര്‍ത്തിച്ചു അത് ദൈവാനുഗ്രഹം വഴി അതിന്റെ ആദ്യ പടി നേടിയെടുത്ത കാന്‍ബറ ഇടവക സമൂഹത്തെയും, നേതൃത്വം നല്‍കിയ വികാരി ഫാ. മാത്യു കുന്നപ്പിള്ളിയെയും കമ്മിറ്റിക്കാരെയും ബിഷപ്പ് മാര്‍. ബോസ്‌കോ പുത്തൂര്‍, വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവര്‍ അഭിനന്ദിച്ചു.

Other News in this category4malayalees Recommends