ശ്രീജിത്തിനെ കസ്റ്റഡിയില്‍ ഉരുട്ടികൊലപ്പെടുത്തിയതെന്ന് സംശയം ; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

ശ്രീജിത്തിനെ കസ്റ്റഡിയില്‍ ഉരുട്ടികൊലപ്പെടുത്തിയതെന്ന് സംശയം ; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം
വരാപ്പുഴയില്‍ പോലീസ് ആളുമാറി പിടികൂടിയ എസ് ആര്‍ ശ്രീജിത്തിനെ ഉരുട്ടി കൊന്നതാണെന്ന സംശയം ശക്തം . ശ്രീജിത്തിന്റെ ശരീരത്തില്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ ആയുധം ഉപയോഗിച്ചിരിക്കാമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് സംശയം കൂടാന്‍ കാരണം. ശ്രീജിത്തിന്റെ ഇരു തുടകളിലേയും പേശികള്‍ ഒരു പോലെ ഉടഞ്ഞിരുന്നു. ലാത്തി പോലെ എന്തോ ആയുധം കൊണ്ടുള്ള പ്രയോഗത്തിലാണ് പരിക്ക് പറ്റിയതെന്ന സംശയമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. ഇത് സ്ഥിരീകരിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം വിദഗ്ധ ഉപദേശം തേടിയിട്ടുണ്ട്. മര്‍ദ്ദനമേറ്റത് എങ്ങനെ എന്നു കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്.

ശ്രീജിത്തിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നുവെന്നും ചെറുകുടല്‍ പൊട്ടിയാണ് മരിച്ചതെന്നും പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിന്റെ ശരീരത്തില്‍ 18 പരിക്കുകളുണ്ടായിരുന്നു. ശക്തമായ മര്‍ദ്ദനത്തിന്റെ ഫലമായാണ് ഇത്. ആശുപത്രിയിലെത്തുമ്പോള്‍ അണുബാധയേറ്റിരുന്നു. ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും പോലീസ് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പോലീസുകാര്‍ക്കെതിരെയുള്ള പരാതി പോലീസ് തന്നെ അന്വേഷിക്കുന്നത് അപഹാസ്യമാണെന്നും ബന്ധുക്കള്‍ പറയുന്നു.

Other News in this category4malayalees Recommends