ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുക: പേരോട്

ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുക: പേരോട്

ദുബൈ: സ്വന്തം ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് മറ്റുള്ളവര്‍ക്ക് ജീവിക്കുന്ന മാതൃകകളായി മാറാന്‍ കഴിയുന്നതിലൂടെയാണ് ഒരു വിശ്വാസി വിജയം വരിക്കുന്നതെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു. ദുബൈ ഗവര്‍മെന്റ് മതകാര്യ വകുപ്പിന്റെ റാഷിദ് ബിന്‍ മുഹമ്മദ് റമളാന്‍ ഗാതറിംഗ് പരിപാടിയില്‍ റാശിദിയ്യ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഇസ്‌ലാം ജീവിതത്തില്‍ പ്രായോഗികവത്കരിക്കുമ്പോഴാണ് മുസ്‌ലിം സമ്പൂര്‍ണമാകുന്നത്. കേരളത്തില്‍ അറബികള്‍ നേരിട്ടെത്തി ഇസ്ലാം പഠിപ്പിച്ചതിനാല്‍ പഴമ നിലനില്‍ക്കുന്നുണ്ട്. കേരള മുസ്‌ലിംകളും അറബ് സമൂഹവുമായുള്ള ബന്ധം അഭേദ്യമാണ്. വിദേശികളായ നമുക്ക് അറബ് സമൂഹവും ഭരണകൂടവും ചെയ്യുന്ന സേവനങ്ങള്‍ക്ക് നാം നന്ദിയും കടപ്പാടും ഉള്ളവരാകണം. സമകാലിക മുസ്‌ലിംകള്‍ പഴമയില്‍നിന്ന് പിന്നോട്ടുപോയിട്ടുണ്ടെന്നും അതാണ് പരാജയ കാരണമെന്നും സമുദായം ഇസ്ലാമിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും ഖുര്‍ആനിക ജീവിതം പരിശീലിക്കണമെന്നും പേരോട് പറഞ്ഞു. യു എ ഇ മതകാര്യ വകുപ്പ് പ്രതിനിധികളെ കൂടാതെ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. കരീം വെങ്കിടങ്ങ്, ഡോ. മുഹമ്മദ് ഖാസിം തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് സ്വാഗതവും യഹ്‌യ സഖാഫി ആലപ്പുഴ നന്ദിയും പറഞ്ഞു. യു എ ഇ യിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പ്രഭാഷണം ശ്രവിക്കാനെത്തി.

Other News in this category4malayalees Recommends