യുകെയില്‍ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരെ പൊക്കാന്‍ പുതിയ ഉപകരണം വരുന്നു; വാഹനത്തിനുള്ളിലേക്ക് ഫോണ്‍ സിഗ്നലുകള്‍ വരുന്നത് തിരിച്ചറിയുന്ന ഉപകരണം ഉടന്‍; നോര്‍വിച്ചിലെ പരീക്ഷണം വിജയിച്ചാല്‍ രാജ്യവ്യാപകമാകും

യുകെയില്‍ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരെ പൊക്കാന്‍ പുതിയ ഉപകരണം വരുന്നു; വാഹനത്തിനുള്ളിലേക്ക് ഫോണ്‍ സിഗ്നലുകള്‍ വരുന്നത് തിരിച്ചറിയുന്ന ഉപകരണം ഉടന്‍; നോര്‍വിച്ചിലെ പരീക്ഷണം വിജയിച്ചാല്‍ രാജ്യവ്യാപകമാകും
യുകെയില്‍ റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്ന് അപകടങ്ങള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച പിഴയും പെനാല്‍റ്റി പോയിന്റുകളും സമീപകാലത്ത് വര്‍ധിപ്പിച്ചിരുന്നത്. അതിനിടെ വളയം പിടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഫലപ്രദമായി തിരിച്ചറിയുന്ന ഒരു പുതിയ സ്മാര്‍ട്ട് സംവിധാനം നോര്‍വിച്ചില്‍ പരീക്ഷണമെന്നോണം നടപ്പിലാക്കാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒരു വാഹനത്തിനുള്ളിലേക്ക് ഫോണ്‍ സിഗ്നലുകള്‍ വരുന്നത് തിരിച്ചറിയാനും അതിലൂടെ വണ്ടിയോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവരെ എളുപ്പം പൊക്കാനും പോലീസിനെ സഹായിക്കുന്ന പുതിയ സാങ്കേതിക സംവിധാനമാണിത്. നോര്‍വിച്ചിലെ റോഡുകളില്‍ ഇത്തരം മൂന്ന് ഡിവൈസുകളാണ് പരീക്ഷണമെന്നോണം ഏര്‍പ്പെടുത്താന്‍ പോകുന്നത്. 6000 പൗണ്ട് വിലവരുന്ന ഇത്തരം മൂന്ന് ഉപകരണങ്ങളാണ് പൈലറ്റ് പദ്ധതിയായി ഇവിടെ അടുത്ത് തന്നെ ഉപയോഗിക്കാന്‍ പോകുന്നത്. ഈ ഉപകരണത്തിലൂടെ വാഹനത്തിലേക്ക് വരുന്ന 2ജി, 3ജി, 4ജി സിഗ്നലുകള്‍ തിരിച്ചറിയുന്നതിന് സാധിക്കുന്നതാണ്.

വാഹനത്തിനുള്ളില്‍വച്ച് മൊബൈല്‍ ഫോണിലൂടെ വിളിച്ചാലും ടെക്‌സ്റ്റ് അയച്ചാലും ബ്രൗസ് ചെയ്താലും ഈ ഉപകരണത്തിന് തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.നോര്‍വിച്ചില്‍ ഈ പരീക്ഷണം വിജയിച്ചാല്‍ രാജ്യമാകമാനം ഇത് അധികം വൈകാതെ പ്രാബല്യത്തില്‍ വരുമെന്നുറപ്പാണ്. ലോകമാകമാനമുള്ള നിരവധി നഗരങ്ങള്‍ ഈ ഉപകരണത്തിനായി താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വെളിപ്പെടുത്തുന്നത്.

നോര്‍ഫോക്ക് കൗണ്ടി കൗണ്‍സിലിന്റെ റോഡ് സേഫ്റ്റി ടീം വെസ്റ്റ് കോടെകിലെ വെഹിക്കിള്‍ സൈന്‍ ടെക്‌നോളജി കമ്പനിയുമായി സഹകരിച്ചാണീ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ഈടെക്‌നോലജിയിലൂടെ കാറിന്റെ രജിസ്‌ട്രേഷന്‍ റെക്കോര്‍ഡ് ചെയ്യാനോ പിഴ ഇഷ്യൂ ചെയ്യാനോ സാധിക്കുന്നതല്ല. എന്നാല്‍ ഇതിലൂടെ ശേഖരിക്കുന്ന ഡാറ്റ പോലീസിന് പങ്ക് വയ്ക്കാനും കൂടുതല്‍ പരിശോധനകളും നടപടികളും സ്വീകരിക്കാനും സാധിക്കുന്നതായിരിക്കും.

Other News in this category4malayalees Recommends