ബുരാരിയിലെ 11 പേരുടെ മരണം ; വീട്ടില്‍ 5 ആത്മാക്കളുടെ സാന്നിധ്യമെന്ന് ; അടുത്ത ദീപാവലി ആഘോഷിക്കാനാകില്ലെന്ന ആശങ്കയും... ഡയറി കുറിപ്പുകളിലൂടെ പോലീസ് അന്വേഷണം തുടരുന്നു

ബുരാരിയിലെ 11 പേരുടെ മരണം ; വീട്ടില്‍ 5 ആത്മാക്കളുടെ സാന്നിധ്യമെന്ന് ; അടുത്ത ദീപാവലി ആഘോഷിക്കാനാകില്ലെന്ന ആശങ്കയും... ഡയറി കുറിപ്പുകളിലൂടെ പോലീസ് അന്വേഷണം തുടരുന്നു
വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ 11 പേരുടെ കൂട്ടമരണം നടന്ന വീട്ടില്‍ ഉണ്ടായിരുന്നത് അഞ്ച് ആത്മാക്കളുടെ സാന്നിധ്യമത്രെ.അടുത്ത ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയും കൂട്ടമരണത്തിനു പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന ലളിതിന്റെ ഡയറിക്കുറിപ്പുകളിലുണ്ട്. 77 വയസുള്ള നാരായണി ദേവി, മകള്‍, രണ്ട് ആണ്‍മക്കള്‍, അവരുടെ ഭാര്യമാര്‍, അഞ്ചു പേരക്കുട്ടികള്‍ എന്നിവരെയാണു ദുരൂഹമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായും കണ്ണുകളും മൂടിക്കെട്ടുകയും കൈകാലുകള്‍ കൂട്ടിക്കെട്ടുകയും ചെയ്തിരുന്നു. ഇളയ മകന്‍ ലളിത് ഭാട്ടിയയുടെ ഡയറിക്കുറിപ്പുകള്‍ സംഭവത്തിലെ നിഗൂഢതകളുടെ ആക്കം കൂട്ടി.

പത്തു വര്‍ഷം മുമ്പ് മരിച്ച പിതാവ് സ്വപ്നങ്ങളില്‍ വന്നു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതിനെപ്പറ്റിയുള്ള കുറിപ്പുകള്‍ നേരത്തേ കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ബന്ധുക്കളായ സജ്ജന്‍ സിങ്, ഹീര, ദയാനന്ദ്, ഗംഗാദേവി എന്നിവരുടെ ആത്മാക്കളെപ്പറ്റി എഴുതിയതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

കുടുംബത്തിന് എന്തോ നേടാന്‍ കഴിയാതെ പോയത് ആരുടെയോ തെറ്റുകള്‍ മൂലമാണെന്നു ലളിത് കുറിച്ചിട്ടുണ്ട്. 'ധന്‍തേരാസ് ആഘോഷം കഴിഞ്ഞു. ആരുടെയോ പഴയ തെറ്റുകള്‍ മൂലമാണ് നേട്ടം അകന്നുപോയത്. അടുത്ത ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞേക്കില്ല. മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക.'

'നാല് ആത്മാക്കള്‍ എന്നോടൊപ്പം അലയുന്നുണ്ട്. നിങ്ങള്‍ അഭിവൃദ്ധിപ്പെട്ടാലേ അവര്‍ സ്വതന്ത്രരാകൂ. ഹരിദ്വാറില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക, അവര്‍ക്കു മോക്ഷപ്രാപ്തി കിട്ടട്ടെ.' എന്നും 2015 ജൂലൈ 19ന് ലളിത് എഴുതിയിരുന്നു.

ജാതകദോഷം മൂലം പ്രിയങ്ക ഭാട്ടിയയുടെ വിവാഹം നീണ്ടുപോയത്, കുടുംബത്തിലെ ഒരു സ്ത്രീ മറ്റുള്ളവരോടു നിരന്തരം വഴക്കുണ്ടാക്കിയിരുന്നത്, മരിച്ച ധ്രുവ് എന്ന ബാലന്റെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍, കുടുംബത്തിലെ ഒരാള്‍ കുറിപ്പുകളിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചിരുന്നില്ലെന്ന പരാതി എന്നിവയും 11 ഡയറികളിലായി ലളിത് എഴുതിയിരുന്നു. ഇവ പരിശോധിച്ച് കൂട്ടമരണത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

നാരായണി ദേവി ഒഴികെ പത്തുപേരുടെ മൃതദേഹങ്ങള്‍ മേല്‍ക്കൂരയിലെ ഗ്രില്ലില്‍നിന്നു തൂങ്ങിയ നിലയിലാണു കണ്ടെത്തിയത്.

Other News in this category4malayalees Recommends