ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു ; ട്രയല്‍ റണ്‍ നടത്തുന്നു ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു ; ട്രയല്‍ റണ്‍ നടത്തുന്നു ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ധാരണ. 12 മണിക്ക് ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ തുറക്കുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ചാണ് ട്രയല്‍ റണ്‍ 12 മണിക്ക് നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി

ഡാം തുറക്കുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ ആളുകളുടെ സുരക്ഷ ഉറപ്പാക്കി വേണം ട്രയല്‍ റണ്‍ നടത്താന്‍ എന്നാണ് യോഗം കെഎസ്ഇബിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ട്രയല്‍ റണ്‍ നടത്താന്‍ തയ്യാറാണെന്ന് കെഎസ്ഇബി യോഗത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉന്നതതല യോഗം അനുമതി നല്‍കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള സ്വതന്ത്ര അധികാരവും യോഗം റവന്യുവകുപ്പിനും കെഎസ്ഇബിക്കും നല്‍കിയിട്ടുണ്ട്.

നേരത്തെ ട്രയല്‍ റണ്‍ വേണ്ട എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. മഴ കുറഞ്ഞേക്കുമെന്ന ധാരണയിലായിരുന്നു ട്രയല്‍ വേണ്ടി വന്നേക്കില്ലെന്ന് കരുതിയത്.

രാവിലെ ഏഴുമണിക്ക് ജലനിരപ്പ് 2398.40 അടിയായിരുന്നു ഇടുക്കി ഡാമിലെ വെള്ളത്തിന്റെ അളവ്. അതിവേഗത്തിലാണ് ഡാമില്‍ വെള്ളം നിറയുന്നത്. 2403 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാം ഈ അളവ് എത്തുന്നതിന് മുമ്പ് തന്നെ തുറക്കും. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാണ് ജലം പുറത്തേക്കൊഴുക്കുക. അതേസമയം, ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് പുലര്‍ച്ചെ തുറന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends