റഫാല്‍ ; പാരീസിലെ ഇന്ത്യന്‍ വ്യോമസേന ഓഫീസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം ; ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു

റഫാല്‍ ; പാരീസിലെ ഇന്ത്യന്‍ വ്യോമസേന ഓഫീസില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം ; ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു
റഫാല്‍ വിമാന ഇടപാടിന്റെ ഭാഗമായി വ്യോമസേന പാരീസില്‍ തുറന്ന ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം. ഇക്കാര്യം വിമാന നിര്‍മ്മാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണോ വ്യോമസേന ഓഫീസില്‍ അജ്ഞാതന്‍ അതിക്രമിച്ച് കടന്നതെന്ന് വ്യക്തമല്ല.

പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്താണ് വ്യോമസേനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ദസ്സോ ഏവിയേഷന്റെ ഓഫീസ് ബ്ലോക്കിന് സമീപമാണ് വ്യോമസേനയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യോമസേനയെ സംബന്ധിച്ച് പ്രാധാന്യമുള്ള ഒരു ഓഫീസില്‍ അതിക്രമിച്ച് കടന്ന സംഭവം ഉണ്ടായിട്ടും ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

36 റഫാല്‍ യുദ്ധവിമാനങ്ങളാണ് ദസ്സോയില്‍ നിന്ന് വ്യോമസേന നിര്‍മ്മിച്ച് വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊജക്ട് മാനേജ്‌മെന്റ് സംഘമാണ് വ്യോമസേയുടെ ഭാഗമായി പാരീസിലുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള വ്യോമസേന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഓഫീസില്‍ മറ്റാരോ അനധികൃതമായി പ്രവേശിച്ചെന്ന് കണ്ടെത്തിയത്. എന്നാല്‍ യാതൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി

Other News in this category4malayalees Recommends